ജീവൻ പന്താടി സാഹസികത; മൂന്നാറിൽ കൈവിട്ട കളി
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിൽ യുവാക്കളുടെ അപകടകരമായ യാത്ര അവസാനിക്കുന്നില്ല. അമിതവേഗത്തിൽ പോകുന്ന ഓഫ്റോഡ് വാഹനങ്ങളിൽ അടക്കം ജീവൻപണയപ്പെടുത്തുന്ന നിയമലംഘനം ഈ പ്രദേശത്ത് അരങ്ങേറുന്നു. കാറിൽനിന്ന് പുറത്തേക്ക് ഉയർന്നുനിന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തുള്ള യാത്രയും ഇവിടെ പതിവാണ്.
വാഹനങ്ങളിൽ സാഹസിക യാത്ര നടത്തുന്ന യുവാക്കൾ മൂന്നാറിനെ കുരുതിക്കളം ആക്കുകയാണ്. കാറുകളിൽ സാഹസിക യാത്ര കൂടുതൽ നടക്കുന്നത് ചിന്നക്കനാൽ ഗ്യാപ് റോഡിലാണ്. ഈ വർഷം ഗ്യാപ് റോഡിൽ മാത്രം 14 കേസാണ് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത്. മൂന്നാറിലും വാഗമൺ ഉൾപ്പെടെ ജില്ലയിൽ 22 കേസാണ് എടുത്തത്. ഗ്യാപ് റോഡ് വീതികൂട്ടി മനോഹരമാക്കിയതും പ്രകൃതിരമണീയതയും യുവാക്കളെ കൂടുതൽ ആകർഷിക്കുന്നത് മൂലമാണ് സാഹസിക യാത്രക്ക് ഇവിടം തെരഞ്ഞെടുക്കുന്നത്. എടുത്ത കേസുകളിൽ കൂടുതലും ഇതര ജില്ലക്കാരാണ് പ്രതികൾ. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയവർ സാഹസിക ഡ്രൈവിങ് നടത്തിയതിൽ നാല് കേസ് എടുത്തപ്പോൾ തദ്ദേശീയർ രണ്ട് കേസിലും ഉൾപ്പെട്ടു. കാറിൽ എത്തുന്നവരാണ് കൂടുതലും സാഹസികത കാട്ടുന്നത്. ബൈക്ക് റൈഡേഴ്സുകാർ ധാരാളമായി എത്തുന്നുണ്ടെങ്കിലും അപകടകരമായ രീതിയിലുള്ള കേസുകൾ കുറവാണ്. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെ ഇടപെടലുകളും സാഹസിക യാത്രയിൽ കുറവുവരുത്തിയിട്ടുണ്ട്.
ജീവൻ നഷ്ടമാകുന്നത് ആഘോഷം കഴിഞ്ഞു മടങ്ങുന്നവർക്ക്
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് ജില്ലയില്‍ എറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാർ ലക്ഷ്യമിടുന്ന കൗമാരക്കൂട്ടങ്ങളും യുവാക്കളും തിരികെയുള്ള യാത്രയിലാണ് അപകടത്തിൽപെടുന്നത്. കൈവിട്ടുള്ള കളിയാണ് അപകടം പതിയിരിക്കുന്ന പാതയിൽ ജീവൻ പൊലിയാൻ ഇടയാക്കുന്ന ഘടകങ്ങളിൽ ഒന്ന്. അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർ ചെന്നുപെടുന്നത് അഗാധതയിലേക്കാണ്. ലഹരി ഉപയോഗിച്ചതിന്റെ പ്രത്യാഘാതം തിരിച്ചുള്ള യാത്രയിലാകും ഏറെ എന്നതും പ്രശ്നമാണ്.
ഒരുവര്‍ഷം ശരാശരി പത്തിനും ഇരുപതിനും ഇടയില്‍ മരണങ്ങള് ഈ പാതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള കാനനപാതയിലും കൂമ്പന്‍പാറ മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗങ്ങളിലുമാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. ദിവസവും അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. റോഡിനെ കുറിച്ച് ധാരണയില്ലാത്തതും അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് മുഖ്യകാരണം. ഇരുചക്ര വാഹനങ്ങളുമായി കൗമാരക്കാരും യുവാക്കളും ചീറിപ്പായുകയാണ്.
ദിവസങ്ങൾ മുമ്പ് നേര്യമംഗലത്ത് രണ്ട് യുവാക്കള്‍ മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. തൊട്ടുമുമ്പ് കല്ലാര്‍കുട്ടി-അടിമാലി റോഡില്‍ മറ്റൊരു അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കുകളുമായി അമിത വേഗത്തില്‍ പായുന്ന കുട്ടികളും യുവാക്കളുമാണ് അപകടങ്ങള്‍ വരുത്തിവെക്കുന്നത്. അപകടം വര്‍ധിച്ചിട്ടും സാഹസിക ഡ്രൈവിങ്ങിൽ ഹരം കാണുന്നവരുടെ എണ്ണം കുറയുന്നില്ല. പൊലീസും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന ഹെല്‍മെറ്റിലും സീറ്റ് ബെല്‍റ്റിലും മാത്രമാണ്.
മതിയായ പരിശോധന നടക്കാത്തതിനാലാണ് നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് ആരോപണം ഉയരുന്നുണ്ട്. ബൈക്കുകളുടെ വേഗം പരിശോധിക്കാൻ ജില്ലയില്‍ ഒരു സംവിധാനവും നിലവിലില്ല. രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ ചെത്തിനടക്കുന്നവരും ധാരാളമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.