നാടിന്റെ വഴിയാണ് സാറെ, നന്നാക്കി തരാമോ...
text_fieldsഅടിമാലി: ബൈസൺവാലിയിൽനിന്ന് മൂന്നാറിലേക്കുള്ള എളുപ്പവഴിയായ പോതമേട്-ഒറ്റമരം റോഡ് തകർന്ന് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിൽനിന്ന് ആരംഭിച്ച് നെല്ലിക്കാട്, ഒറ്റമരം, പോതമേട് വഴി മൂന്നാറിലെത്തുന്ന റോഡാണ് പൂർണമായി തകർന്നുകിടക്കുന്നത്. രണ്ടുവർഷം മുമ്പ് ടാറിങ് നടത്തി പുനരുദ്ധരിച്ച റോഡാണിത്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഒഴുകിയാണ് റോഡ് തകർന്നത്. വശങ്ങളിൽ ഓടകൾ ഇല്ലാത്തതാണ് റോഡ് വേഗത്തിൽ തകരാൻ കാരണം.
ബൈസൺവാലിയിൽനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ റോഡുവഴി മൂന്നാറിൽ എത്താം. മൂന്നാറിലെതന്നെ ഏറ്റവും കൂടുതൽ റിസോർട്ടുകളുള്ള പോതമേട് സ്ഥിതിചെയ്യുന്നത് ഈ റോഡിലാണ്. നിരവധി വിനോദസഞ്ചാരികൾ നിത്യേന ഉപയോഗിക്കുന്ന ഈ റോഡിന്റെ തകർച്ച സഞ്ചാരികളെ വലക്കുന്നു.
കഴിഞ്ഞ മഴക്കാലത്താണ് റോഡിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയ കുഴികൾ വലിയ ഗർത്തങ്ങളായി മാറിയത്. ഇതോടെ ചെറുവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയായി.
പൂർണമായും ഏലക്കാട്ടിലൂടെ നിർമിച്ച റോഡ് നാട്ടുകാർക്കും ഏറെ പ്രയോജനം ചെയ്തിരുന്നു. മൂന്നാറിലെ ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങി വ്യാപാരികളും മറ്റും ഈ വഴിയിലൂടെയാണ് ബൈസൺവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പോയിരുന്നത്. പൂർണമായി തകർന്ന റോഡിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.