പ്രദേശവാസികൾക്ക് ഭീഷണിയായി ഗ്യാപ്പ് റോഡിലെ പാറ പൊട്ടിക്കൽ
text_fieldsഅടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പ് റോഡിൽ ഇടിഞ്ഞുവീണ കല്ലുകൾ പൊട്ടിച്ചുനീക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചത് താഴ്വാരത്തുള്ള ജനങ്ങൾക്ക് ഭീഷണിയാകുന്നു.
കനത്ത മഴയിൽ 10 ദിവസം മുമ്പാണ് വലിയ പാറകൾ ഗ്യാപ്പ് റോഡിലേക്ക് പതിച്ചത്. കഴിഞ്ഞ ദിവസമാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ദേവികുളം സബ്കലക്ടറുടെ നിർദേശപ്രകാരം വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് റോഡിൽ കിടന്ന പാറകൾ പൊട്ടിച്ചുനീക്കം ചെയ്യാൻ ആരംഭിച്ചത്. പാറകൾ പൊട്ടിക്കുന്നത് മൂലം ഉണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പന ശബ്ദം താഴ്ഭാഗത്ത് താമസിക്കുന്നവരിൽ ഭയപ്പാട് ഉണ്ടാക്കുന്നുണ്ട്.
മുട്ടുകാട്, കൊങ്ങിണി സിറ്റി, സൊസൈറ്റിമേട്, ചൊക്രമുടി ഭാഗത്ത് താമസിക്കുന്നവർക്കാണ് പ്രകമ്പനം കൂടുതൽ അനുഭവപ്പെട്ടത്. ചെറിയ ഭൂമികുലുക്കം പോലെയാണ് അനുഭവപ്പെടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
പരിസര ലോല പ്രദേശമായ ഗ്യാപ്പ് റോഡ് പരിസരത്ത് വലിയ സ്ഫോടനത്തോടെ പാറകൾ പൊട്ടിക്കുന്നത് മലയുടെ മുകളിൽ നിന്ന് പാറകൾ ഇനിയും താഴേക്ക് പതിക്കുന്നതിനും അവ താഴ്വാരത്തേക്ക് ഇടിഞ്ഞുവീഴുന്നതിനും ഇടയാക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. യന്ത്രങ്ങളും സ്ഫോടന വസ്തുക്കളും ഉപയോഗിക്കാതെ പാറകൾ പൊട്ടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡ് നിർമാണ സമയത്ത് പാറ പൊട്ടിക്കുന്നതിനുവേണ്ടി നടത്തിയ സ്ഫോടനങ്ങളുടെ അനന്തരഫലമാണ് ഈ മലയിടിച്ചിലെന്നും ഇനിയും സ്ഫോടനങ്ങൾ തുടർന്നാൽ ഭാവിയിൽ ഇത് തങ്ങളുടെ സ്വത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയാകുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.