ശമ്പളം വല്ലപ്പോഴും; വനം വാച്ചർമാർ ദുരിതത്തിൽ
text_fieldsഅടിമാലി: വനം വാച്ചർമാരുടെ വേതനം മുടങ്ങിയിട്ട് മാസങ്ങൾ. തുച്ഛ വേതനമേയുള്ളൂവെങ്കിലും പലരുടെയും ജീവിതമാർഗമാണിത്. ഓണം പടിവാതിക്കൽ നിൽക്കെ സ്കൂൾ തുറന്ന സമയത്തെ അവസ്ഥ തുടരുമോ എന്ന ആശങ്ക ഇവർക്കുണ്ട്. വീട്ടുചെലവുകൾക്കും ഇവർ പ്രയാസപ്പെടുന്നു. പലചരക്ക് കടക്കാർ വാച്ചർമാർക്ക് കടം കൊടുക്കുന്നതു നിർത്തി. മറയൂർ ചന്ദന റിസർവിൽ അടക്കം ഉൾവനത്തിൽ ജോലി ചെയ്യുന്ന വാച്ചർമാർക്ക് ഇൻഷുറൻസ് പരിരക്ഷയുമില്ല. ചിന്നക്കനാലിൽ കാട്ടാന ചവിട്ടിക്കൊന്നതടക്കം നിരവധി ഉദാഹരണങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു.
വാച്ചർ പണി ചെയ്യുന്നയാൾക്കു മറ്റൊരു തൊഴിലിനും പോകാൻ സമയമില്ല. ചക്ക, മാങ്ങ സീസണായതോടെ എല്ലായിടത്തും ആനശല്യം രൂക്ഷമാണ്. മുമ്പ് കൃഷിയിടങ്ങളിൽ ആനയിറങ്ങിയാൽ നാട്ടുകാർ ഓടിക്കുമായിരുന്നു. ഇപ്പോൾ വനപാലകരെ വിവരം അറിയിച്ച് അവർ കിടന്നുറങ്ങും.
മിക്ക ദിവസവും നേരം പുലരുംവരെ വനാതിർത്തിയിൽ കാവലിരിക്കുന്നവർ പകൽ വേലിയുടെ അറ്റകുറ്റപ്പണിയും പരിശോധിക്കണം. ഇതിനിടെ സെക്ഷനിലെ വനപാലകരുടെ നിർദേശ പ്രകാരം ഇതര ജോലികൾക്കും പോകണം. ദൂരെ സ്ഥലങ്ങളിൽ രാത്രി പട്രോളിങ്ങിനും പോകേണ്ടിവരുന്നു. ദൂരെ താമസിക്കുന്നവർ ദിവസവും കാര്യമായ തുക വണ്ടിക്കൂലിക്കായി ചെലവഴിക്കണം.
ഈ അവസ്ഥയിൽ മാസങ്ങളായി ശമ്പളം മുടങ്ങുന്നതും ഇവരുടെ ജീവിതം കഷ്ടത്തിലാക്കുന്നു. കാട്ടാനക്കു പുറമെ കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം കൂട്ടത്തോടെ കാടിറങ്ങുകയാണിപ്പോൾ. മഴക്കാലത്ത് കാട്ടുമൃഗങ്ങളുടെ പിന്നാലെ പോകാൻ മഴക്കോട്ട് പോലും വാച്ചർമാർക്കു കിട്ടുന്നില്ല. വേതനത്തിനുള്ള ഫണ്ട് വൈകുന്നതാണ് കാരണമെന്നു വനപാലകർ പറയുന്നു. ഫയർ സീസണിലെ കൂലിയും ഇതുവരെ ലഭിക്കാത്തവരുണ്ട്. ശമ്പളത്തിന് ആവശ്യമായ തുക നേരത്തേതന്നെ വകയിരുത്തി ഫണ്ട് കണ്ടെത്തേണ്ടതാണ്.എന്നാൽ, മാസങ്ങളോളം ശമ്പളം മുടങ്ങിയിട്ടും ഉന്നത ഉദ്യോഗസ്ഥർ വേണ്ടരീതിയിൽ ഇടപെടുന്നില്ലെന്നാണ് വാച്ചർമാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.