ഈ സ്കൂൾ മുറ്റം നിറയെ കൃഷിപാഠം
text_fieldsഅടിമാലി: പഠനത്തോടൊപ്പം എങ്ങനെ വിജയകരമായി കൃഷി ചെയ്യാമെന്ന് അറിയണമെങ്കിൽ രാജകുമാരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയാൽ മതി.
മുറ്റമാകെ ജൈവപച്ചക്കറി കൃഷികൊണ്ട് സമൃദ്ധമാണ് ഈ വിദ്യാലയം. പഠനത്തെ ഒട്ടും ബാധിക്കാത്ത കാര്ഷികസ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സ്കൂൾ മുറ്റത്തും മട്ടുപ്പാവിലുമെല്ലാം കാണാന്‍ കഴിയുന്നത്.
കോവിഡിനെത്തുടര്‍ന്ന് അടച്ചപ്പോഴും മുടങ്ങാതെ സ്കൂളിലെത്തിയ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സി.എം. റീനയും യൂനിറ്റ് അംഗങ്ങളായ വിദ്യാര്‍ഥികളുമാണ് സ്കൂളിലെ ജൈവപച്ചക്കറി കൃഷിക്ക് കരുത്തും കരുതലുമായത്. 1000 ഗ്രോ ബാഗുകളിലായി വിവിധയിനം പച്ചക്കറികൾ ഇവിടെ സമൃദ്ധമായി വളരുന്നു.
പ്രിന്‍സിപ്പല്‍ റെജിമോള്‍ തോമസിന്റെയും സഹ അധ്യാപകരുടെയും എല്ലാ പിന്തുണയും പ്രോത്സാഹനവും എന്‍.എസ്.എസ് യൂനിറ്റിന്റെ ജൈവ പച്ചക്കറി കൃഷിക്കുണ്ട്.
തണല്‍ വലയുപയോഗിച്ച് വിദ്യാര്‍ഥികള്‍തന്നെ തയാറാക്കിയ മഴമറയിലാണ് ഗ്രോ ബാഗില്‍ പച്ചക്കറികളും കിഴങ്ങുവിളകളും കൃഷി ചെയ്തിട്ടുള്ളത്. കോളിഫ്ലവര്‍, കാബേജ്, ലെറ്റിയൂസ്, സോയാബീന്‍സ്, തക്കാളി, പലതരം പയര്‍, ബീന്‍സ്, ചീര, ചെഞ്ചീര, വഴുതന, കാട്ടുജീരകം, മല്ലിയില, പുതിനയില, കറിവേപ്പില, കാപ്സിക്കം, കാന്താരി മുളക്, ബജി മുളക്, ചോളം, കാരറ്റ്, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഗ്രോ ബാഗുകളില്‍ സമൃദ്ധമായി വിളയുന്നു.
എന്‍.എസ്.എസ് വളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. അധ്യാപകരോടൊപ്പം ഊഴമനുസരിച്ച് ഓരോ വളന്റിയർമാർ കൃഷിപ്പണി ചെയ്യും. നാല് വര്‍ഷം വരെ ഈട് നില്ക്കുന്ന ഗ്രോബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ വെള്ളം, വളം എന്നിവ വളരെ കുറച്ചുമതി.
സന്ദർശകരോട് സ്കൂളിലെ പച്ചക്കറി കൃഷിയെക്കുറിച്ച് പറയാന്‍ വിദ്യാർഥികൾക്ക് നൂറുനാവാണ്. 2012 മുതലാണ് ഇവിടെ ജൈവപച്ചക്കറി കൃഷി തുടങ്ങിയത്. പച്ചക്കറിക്ക് പുറമെ സുഗന്ധവ്യഞ്ജനങ്ങളടക്കം 52 ഇനം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് കെ.കെ. വിജയനും കൃഷിക്ക് സഹായവുമായി സജീവമായി കുട്ടികളോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.