പേടിസ്വപ്നമായി ഈ ആനകൾ
text_fieldsഅടിമാലി: പടയപ്പ, ചില്ലിക്കൊമ്പന്‍, അരിക്കൊമ്പന്‍, ഗണേശന്‍, ഊശികൊമ്പന്‍ , മുറിവാലന്‍....നാളുകളായി തോട്ടം മേഖലയുടെ ഉറക്കംകൊടുത്തുന്നത് ഈ ആറ് കാട്ടാനകളാണ്.
രാത്രിയും പകലുമില്ലാതെ തലങ്ങും വിലങ്ങും കൊമ്പന്മാര്‍ സ്വൈരവിഹാരം നടത്തുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ശാന്തന്‍പാറ, ചിന്നക്കനാല്‍, മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലാണ് ഇവ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്നത്.
കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ബസിന് നേരെ ആക്രമണം നടത്തിയ പടയപ്പ തൊട്ടടുത്ത ദിവസം പച്ചക്കറി കട തകര്‍ത്ത് പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെ അകത്താക്കിയാണ് മടങ്ങിയത്.
ഇതിന് പുറമെ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചും ജനങ്ങള്‍ക്കുനേരെ പാഞ്ഞടുത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുമ്പൊക്കെ രാത്രിയിലായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ പകലും ജനങ്ങള്‍ക്ക് രക്ഷയില്ല. ഏതുനേരത്ത് എവിടെ പ്രത്യക്ഷപ്പെടുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. രാവിലെ ജോലിക്കിറങ്ങുന്നവര്‍ ജീവന്‍ കൈയില്‍പ്പിടിച്ചാണ് യാത്രചെയ്യുന്നത്.
പലതവണ ആനയുടെ മുന്നില്‍പ്പെട്ട് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍ ഏറെയാണ്. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒട്ടേറെ സമരം നടത്തിയെങ്കിലും സ്ഥിഗതികളിൽ മാറ്റമില്ല. ചിന്നക്കനാലില്‍ അടുത്തിടെ കാട്ടാന യുവാവിനെ കൊലപ്പെടുത്തിയിരുന്നു. നാട്ടുകാർ യുവാവിന്‍റെ മൃതദേഹവുമായാണ് വനംവകുപ്പിനെതിരെ സമരം നടത്തിയത്. എന്നാല്‍, പതിവ് നടപടിക്രമങ്ങള്‍ക്കപ്പുറം വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് കൂടുതൽ നടപടി ഒന്നും ഉണ്ടായില്ലെന്ന് പറയുന്നു.
പ്രശ്‌നക്കാരായ ആറ് കൊമ്പന്മാരെ പിടികൂടി കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒറ്റക്ക് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ കാട്ടാനകളാണ് മേഖലയിലെ അപകടകാരികള്‍. ജനവാസ മേഖലയില്‍നിന്ന് പോകാന്‍ മടിക്കുന്ന ഇവ വിനോദ സഞ്ചാരമേഖലക്കും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.