സൗരോര്‍ജ വേലിയും കിടങ്ങുകളും നശിച്ചു; ആനശല്യം തീർക്കാൻ ചെലവിട്ട കോടികള്‍ പാഴായി
text_fieldsഅടിമാലി: ജനവാസ മേഖലയിൽ കാട്ടാന ശല്യം തടയാൻ സ്ഥാപിച്ച സൗരോർജ വേലികൾ വെറുതെയായി. വേലികൾ തകര്‍ത്ത് ആനകള്‍ കൃഷിയും വീടുകളും നശിപ്പിക്കുന്നുവെന്നു മാത്രമല്ല നശിച്ചവ പുനർനിർമിക്കാൻ ഫണ്ടില്ലാതായതോടെ സർക്കാറിന്റെ കോടിക്കണക്കിന് രൂപയും പാഴായി.
മൂന്നാർ, മാങ്കുളം, മറയൂർ വനം ഡിവിഷനുകൾക്ക് കീഴിൽ എല്ലാ മേഖലയിലും ആന ശല്യം രൂക്ഷമാണ്. 30 സ്ഥലങ്ങളിലായി 120 കിലോമീറ്ററിലധികം സൗരോർജ വേലിയും ഏഴ് കിലോമീറ്റർ ഉരുക്ക് വടം പദ്ധതിയും 300 കിലോമീറ്ററിലധികം കിടങ്ങുകളും നശിച്ചു. കോടികൾ മുടക്കിയിട്ടും ആന ശല്യത്തിന് കുറവില്ലെന്നു നാട്ടുകാർ പറയുന്നു. വലിയ മരങ്ങൾ മറിച്ചിട്ട് ആനകൾ വേലികൾ തകർക്കും. എന്നാൽ, അറ്റകുറ്റപ്പണിക്കോ തകർന്നവ പുനഃസ്ഥാപിക്കാനോ നടപടിയില്ല.
ഫണ്ടില്ലാത്തതു തന്നെ മുഖ്യകാരണം. വാഹനങ്ങൾക്ക് ഡീസല്‍ നിറക്കാൻപോലും ഫണ്ട് നൽകാത്തതിനാൽ ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങിയാൽ ജീവനക്കാർ എത്താൻ മടിക്കുകയാണ്.
മാട്ടുപ്പെട്ടിയിൽ കഴിഞ്ഞ ദിവസം പടയപ്പ ഇറങ്ങി വ്യാപാര സ്ഥാപനങ്ങൾ നശിപ്പിച്ചിരുന്നു. വനപാലകരെ വിവരം അറിയിച്ചിട്ടും എത്തിയില്ല. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക റാപ്പിഡ് റെസ്പോണ്ട്സ് ടീം പ്രവർത്തിക്കുമ്പോഴാണ് ഈ സ്ഥിതി. മൂന്നാർ തോട്ടം മേഖലയിൽ പടയപ്പക്ക് പുറമെ ഒറ്റക്കൊമ്പനും പ്രശ്നമുണ്ടാക്കുന്നുണ്ട്.
ചിന്നക്കനാൽ, വട്ടവട, മറയൂർ, ശാന്തൻപാറ, മൂന്നാർ, മാങ്കുളം, അടിമാലി, ബൈസൺവാലി പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം അതിരൂക്ഷം. ഇവിടങ്ങളിൽ സ്ഥാപിച്ച സൗരോർജ വേലികളും ഉരുക്ക് വടവും കിടങ്ങുകളും 90 ശതമാനത്തിലേറെ നശിച്ചു. കുറത്തിക്കുടി, ഇടമലക്കുടി ആദിവാസി കോളനികളിലും രാത്രിയും പകലും ആനകൾ കൃഷി നശിപ്പിക്കുന്നുണ്ട്.
എറണാകുളം-ഇടുക്കി ജില്ലകളുടെ അതിർത്തിയായ മാമലക്കണ്ടത്തും ഇഞ്ചത്തൊട്ടിയിലും കാഞ്ഞിരവേലിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇവിടെ നശിപ്പിച്ച വൈദ്യുതി വേലികൾ പുനഃസ്ഥാപിക്കാൻ ഫണ്ട് ആവശ്യപ്പെട്ട് വനം വകുപ്പ് രണ്ടുവർഷം മുമ്പ് നൽകിയ അപേക്ഷയിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.
വേലികൾ സ്ഥാപിക്കുന്നതിനു പുറമെ ആനകളെ തുരത്താൻ വനംവകുപ്പ് സ്പെഷൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സിനെയും എലിഫന്റ് ഡിപ്രഡേഷൻ സ്ക്വാഡുകളെയും ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും പരിഹാരമില്ല.
പാട്ടകൊട്ടൽ, പന്തം കത്തിക്കൽ, പടക്കം പൊട്ടിക്കൽ തുടങ്ങിയ മാർഗങ്ങളാണ് വനംവകുപ്പും നാട്ടുകാരും ആനകളെ തുരത്താൻ ഉപയോഗിക്കുന്നത്. എന്നാൽ, ഇവയൊന്നും ശാശ്വതവുമല്ലെന്നു ബോധ്യപ്പെട്ടിട്ടും വനംവകുപ്പ് പുതിയ മാർഗങ്ങൾ തേടുന്നില്ലെന്നാണ് ആരോപണം. ചെലവ് കുറഞ്ഞ മാർഗം ഉപയോഗപ്പെടുത്തി കർഷകരെ ആനശല്യത്തിൽനിന്നു രക്ഷിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.