തെരുവുനായ് ഭീതിയിൽ മലയോരം
text_fieldsഅടിമാലി: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടി കാര്യക്ഷമമാക്കാതെ അധികൃതർ. മൂന്ന് മാസത്തിനിടെ ജില്ലയിൽ നൂറിലധികം പേർക്കാണ് കടിയേറ്റത്.
തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ 2022 മാർച്ചിൽ പ്രഖ്യാപിച്ച എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) നിശ്ചലവുമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് വിവിധ സർക്കാർ പദ്ധതികളിലേക്കായി നിർബന്ധമായും വകയിരുത്തണമെന്ന നിർദേശം വന്നതോടെയാണ് പദ്ധതി അവതാളത്തിലായത്. വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടി വൈകുന്നതു തെരുവുനായ് ശല്യം രൂക്ഷമാക്കുകയാണ്.
കൂട്ടത്തോടെയെത്തുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥികൾ അടക്കമുള്ളവർ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി ഉപേക്ഷിച്ചു. നിലവിൽ ഗ്രാമ–നഗര വീഥികളെല്ലാം തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണ്.
മൂന്നാർ ടൗണിൽ ഇറങ്ങി നടക്കണമെങ്കിൽ വടി കരുതേണ്ട അവസ്ഥയാണ്. അടിമാലി ബസ്സ്റ്റാൻഡിലും മത്സ്യ-മാംസ മാർക്കറ്റിലും രാത്രിയാകുന്നതോടെ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമാണ്. ടൗണിലെ വിവിധ പ്രദേശങ്ങളിലും താലൂക്ക് ആശുപത്രി പരിസരത്തും തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും ബൈക്ക് യാത്രികരും ആക്രമണത്തിന് ഇരയാകുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കു മുന്നിലേക്കു തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുന്നതും പതിവു കാഴ്ചയാണ്. മാങ്കുളം ടൗണിലും പരിസരത്തും പഞ്ചായത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തെരുവുനായ് ശല്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.