തെരുവുനായ് നിയന്ത്രണ പദ്ധതികൾ വെറുതെയായി; രണ്ടുമാസത്തിനിടെ 450ലധികം പേര്‍ക്ക് കടിയേറ്റു
text_fieldsഅടിമാലി: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ ജില്ലയില്‍ പാളി. നായ്ക്കളുടെ ശല്യം ഏറിയതോടെ വിവിധ പദ്ധതികളുമായി സര്‍ക്കാറും തദ്ദേശസ്ഥാപനങ്ങളും രംഗത്തിറങ്ങിയെങ്കിലും എല്ലാം പാതിവഴിയില്‍ മുടങ്ങി. ഇതില്‍ പ്രധാനപ്പെട്ടതാണ് ആനിമല്‍ ബര്‍ത്ത് കണ്ട്രോള്. ഏറെ കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ച പദ്ധതി ജില്ലയില്‍ നടപ്പാക്കാനായിട്ടില്ല. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്. മഴക്കാലമായതോടെ ഇവയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടി.
തെരുവുനായ്ക്കളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രശ്നങ്ങള്‍ കാരണമാണ് ഇവയുടെ എണ്ണം വര്‍ധിച്ചത്. കുടുംബശ്രീയെ ഉപയോഗിച്ച് എ.ബി.സി നടപ്പാക്കാനുള്ള നീക്കം കോടതി ഇടപെട്ട് തടഞ്ഞപ്പോള്‍, പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പരിശീലനത്തിനായി ആളുകളെ കണ്ടെത്തി അയച്ചിരുന്നു. ഓരോ വര്‍ഷവും ആളുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. എന്നാല്‍, നായ്കളെ പിടികൂടൽ മാത്രം നടക്കാറില്ല. വളര്‍ത്തു നായ്കള്‍ക്ക് രോഗം വന്നാലോ പ്രായമേറിയാലോ തെരുവില്‍ ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത്തരം നായ്കളാണ് കൂടുതല്‍ അപകടകാരികളായി മാറുന്നത്. മറ്റ് നായ്കള്‍ കൂട്ടത്തില്‍ കൂട്ടാത്തതിനാൽ, ഒറ്റതിരിഞ്ഞ് അലയുന്ന ഇവ പലപ്പോഴും ആളുകളെ ആക്രമിക്കുന്നുണ്ട്.
രണ്ട് മാസത്തിനിടെ 450 ലധികം പേര്‍ക്ക് തെരുവ് നായ്കളുടെ കടിയേറ്റതായാണ് റിപ്പോര്‍ട്ട്. ഓരോ മാസവും ജില്ലയില്‍ ശരാശരി 250 പേര്‍ക്കെങ്കിലും നായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതായാണ് കണക്കുകള്‍. ദേവികുളം, തൊടുപുഴ, പീരുമേട് മേഖലയിലാണ് സമീപകാലത്ത് ഏറ്റവുമധികം ആളുകള്‍ക്ക് കടിയേറ്റത്. അടിമാലി പട്ടണത്തില്‍ നായ്കളെ ഭയന്ന് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മൂന്നാറിലും സമാനസാഹചര്യമാണ്. രാജാക്കാട്, ഇരുമ്പുപാലം മേഖലയില്‍ അടുത്തിടെ നിരവധി പേര്‍ക്കാണ് കടിയേറ്റത്.
ചെലവിട്ടത് ലക്ഷങ്ങൾ; ഫലം പൂജ്യം
തെരുവുനായ് ആക്രമണം നേരിടുന്നതിന് ഇതിനോടകം തദ്ദേശസ്ഥാപനങ്ങള്‍ ലക്ഷകണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. ആക്രമണങ്ങള്‍ രൂക്ഷമാകുന്ന ഘട്ടത്തിലാണ് പലപ്പോഴും നായ്കളെ പ്രതിരോധിക്കാനുള്ള നടപടികളുമായി രംഗത്തിറങ്ങാറുള്ളത്. എ.ബി.സി പദ്ധതിക്കായി ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ വലിയൊരു തുക ചെലവഴിച്ചിട്ടുണ്ട്. തൊടുപുഴ, നെടുങ്കണ്ടം, അടിമാലി, ഇടുക്കി എന്നിവിടങ്ങളിലാണ് എ.ബി.സി കേന്ദ്രം തുടങ്ങാന്‍ തീരുമാനമായത്.
എന്നാല്‍, ഒരിടത്ത് മാത്രമാണ് തുടങ്ങിയത്. നായ പിടിത്തത്തില്‍ പരിശീലനം നേടിയവരെ നിയോഗിച്ച് ഇവയെ പിടികൂടി എ.ബി.സി കേന്ദ്രത്തില്‍ എത്തിച്ച് വന്ധ്യംകരിച്ച് വിടുന്ന രീതിയാണുണ്ടായിരുന്നത്. രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ഒരു കേന്ദ്രം നിർമിച്ച് നായ്കളെ സംരക്ഷിക്കണമെന്ന നിര്‍ദേശം മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവച്ചതോടെ എല്ലാം പാളി.
അലയുന്ന നായ്കളെ പിടികൂടി അവയെ വന്ധ്യംകരിക്കണമെന്നും മുറിവ് ഉണങ്ങിയശേഷമേ പിടികൂടിയ സ്ഥലത്തു കൊണ്ടുപോയി വിടാവൂ എന്നുമാണ് നിര്‍ദേശം. കുറഞ്ഞത് അഞ്ചുദിവസത്തെ സംരക്ഷണം നായ്ക്കള്‍ക്കു വേണ്ടിവരും. കുറഞ്ഞത് 2000 രൂപ ഒരു നായയ്ക്ക് ചെലവിടണം. എ.ബി.സി കേന്ദ്രത്തില്‍ ശസ്ത്രക്രിയ വിഭാഗങ്ങളും അടുക്കളയും വേണം. ശീതീകരിച്ച വാര്‍ഡുകളും നിര്‍ബന്ധമാണ്. ഇവയുണ്ടെങ്കിലേ പദ്ധതിക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അനുമതി നല്‍കുകയുള്ളൂ. എ.ബി.സി പദ്ധതിക്കായി സ്ഥലം തേടിയവര്‍ക്ക് പലയിടത്തും കിട്ടാതെയുമായിയി. ഇതെല്ലാമാണ് പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിയാതെ വന്നതിന് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.