വേനൽ കത്തുന്നു; ഹൈറേഞ്ചിൽ കൃഷിനാശം തുടരുന്നു
text_fieldsഅടിമാലി: കത്തിയെരിയുന്ന പകൽച്ചൂടിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ജലസേചനത്തിന് മാർഗമില്ലാതെ കൃഷിനാശത്തിനു മുന്നിൽ കർഷകർ പകച്ചുനിൽക്കുകയാണ്. അടിമാലി, മാങ്കുളം, കൊന്നത്തടി പഞ്ചായത്തുകളിലാണ് വ്യാപക കൃഷിനാശം.
കമുക്, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളും വാഴ, പച്ചക്കറികൾ എന്നിവയും നശിക്കുന്നു. കർഷകർ അടുത്തകാലത്ത് ശ്രദ്ധവെച്ച ഏലം കൃഷിക്കും സർവനാശമുണ്ടായി.
തോടുകൾ, കുളങ്ങൾ എന്നിവയിലൊന്നും വെള്ളമില്ല. പലയിടത്തും വാഹനത്തിലാണ് ശുദ്ധജലമെത്തിക്കുന്നത്. കുഴൽക്കിണറുകളും വറ്റിയതോടെ നാട് കടുത്ത ആശങ്കയിലാണ്. തീറ്റയും വെള്ളവുമില്ലാത്തതിനാൽ കന്നുകാലികളെ വിൽക്കുന്ന സാഹചര്യവുമുണ്ട്.
വന്യമൃഗ ശല്യത്തെ തുടർന്നു വൻതോതിൽ കന്നുകാലികളെ കഴിഞ്ഞ മാസങ്ങളിൽ വിറ്റൊഴിവാക്കിയിരുന്നു. പച്ചപ്പുല്ലും വെള്ളവുമില്ലാത്തതിനാൽ അവശേഷിക്കുന്നവയെയും വിൽക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. പാൽ അളക്കുന്നവരുടെ എണ്ണം എല്ലാ സംഘങ്ങളിലും കുറഞ്ഞുവരുന്നു.
പച്ചപ്പുല്ല്, വയ്ക്കോൽ എന്നിവയുടെ ക്ഷാമവും കാലിത്തീറ്റയുടെയും പിണ്ണാക്കിന്റെയും അടിക്കടിയുള്ള വിലവർധനയും പിടിച്ചുനിൽപ് അപകടത്തിലാക്കി. സർക്കാറിൽനിന്ന് സഹായം ലഭിക്കുന്നില്ലെന്ന് ക്ഷീരകർ പറയുന്നു. കൃഷി തകർച്ചക്കുശേഷം കർഷകർ ആശ്രയിച്ച ക്ഷീരമേഖലയും തകർച്ചയുടെ വക്കിലാണ്. വൻതുക കടം വാങ്ങി കൃഷിയിറക്കിയ കർഷകർ പലിശ തിരിച്ചടക്കാൻ വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
കൃഷിഭൂമി വിൽക്കാനും കഴിയുന്നില്ല. മഴക്കുറവും തുടർന്നുണ്ടായ വരൾച്ചയും കിഴങ്ങ് കൃഷിയെയും ബാധിച്ചിട്ടുണ്ട്. ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. അയൽസംസ്ഥാനങ്ങളിൽ നിന്നാണിപ്പോൾ ചേമ്പും കപ്പയും എത്തുന്നത്. വട്ടവടയിലെ ശീതകാല പച്ചക്കറി കൃഷിയും ശക്തമായ ചൂടിൽ വാടിയുണങ്ങി.
നാട് കത്തിയെരിയുന്നതോടൊപ്പം കൃഷിയും ഇല്ലാതായിട്ടും സർക്കാറോ, ജില്ല ഭരണകൂടമോ, പ്രാദേശിക ഭരണസംവിധാനങ്ങളോ കണ്ടഭാവം നടിക്കുന്നില്ല.
തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ കർഷകരുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ആരുമില്ലാത്ത സ്ഥിതിയിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമെന്ന പേരിൽ ഉദ്യോഗസ്ഥരും കൈമലർത്തുകയാണ്. മുൻകാലങ്ങളിലുണ്ടായ കാർഷിക തകർച്ചക്കും സഹായം കിട്ടാത്തതിന്റെ ദുരനുഭവവും കർഷകർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.