വേനൽ കടുത്തു; വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക്
text_fieldsഅടിമാലി: വേനല്‍ കനത്തതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍. വ്യാപക കൃഷിനാശം വരുത്തുന്നത് കൂടാതെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണവും പതിവായിട്ടുണ്ട്. ദേവികുളം-ഉടുമ്പന്‍ചോല താലൂക്കുകളിൽപെട്ട ഇടമലക്കുടി, മാങ്കുളം, അടിമാലി, മറയൂര്‍, വട്ടവട, ചിന്നക്കനാല്‍, ദേവികുളം, ശാന്തന്‍പാറ, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ് വന്യമൃഗശല്യം ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്.
മറയൂര്‍, അടിമാലി, ഇടമലക്കുടി, മാങ്കുളം പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ശല്യം രൂക്ഷമായിരിക്കുന്നത്. വേനല്‍ മുന്നോരുക്കത്തിന്റെ ഭാഗമായി നേരത്തേ വനംവകുപ്പ് വനം സംരക്ഷിക്കാന്‍ ഫയര്‍ലൈന്‍ തെളിക്കല്‍, വന്യജീവികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ കുളങ്ങള്‍, തടയണകള്‍ എന്നിവ ഒരുക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷമായി ഇവയൊന്നും വനമേഖലയില്‍ കൃത്യമായി ചെയ്യുന്നില്ല.
ഇതാണ് വേനല്‍ കനത്തതോടെ വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണം. അടുത്തിടെ മാങ്കുളം, ഇടമലക്കുടി, അടിമാലി, മറയൂര്‍ പഞ്ചായത്തുകളിലാണ് കാട്ടാനകള്‍ വീടുകള്‍ തകര്‍ത്തത്. കാട്ടാനക്ക് പുറമെ, കാട്ടു പോത്ത്, പന്നി, കുരങ്ങ്, മ്ലാവ്, കടുവ, പുലി തുടങ്ങിയയാണ് കൂടുതല്‍ നാശം വിതക്കുന്നത്. വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലും സ്വൈരവിഹാരം തുടങ്ങിയതോടെ കൃഷി വിളവെടുപ്പും പ്രതിസന്ധിയിലാണ്.
ഇടമലക്കുടിയില്‍ ആദിവാസികള്‍ പലായനം ചെയ്തു തുടങ്ങി. മറയൂര്‍, മാങ്കുളം, പൂപ്പാറ തുടങ്ങിയ ടൗണുകളില്‍പോലും കാട്ടുമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. കാട്ടുമൃഗങ്ങളെ തുരത്താന്‍ പാട്ടകൊട്ടുന്നതും പടക്കം പൊട്ടിക്കുന്നതും തീയിടുന്നതുമൊക്കെ കര്‍ഷകന്റെ പൊടിക്കൈകള്‍ ആയിരുന്നെങ്കില്‍ ഇന്നതെല്ലാം കാട്ടുമൃഗങ്ങള്‍ അതിജീവിച്ചു.
ഒരു തരത്തിലുള്ള ശബ്ദങ്ങളെയും പേടിയില്ലാത്ത ഇവയുടെ ശല്യം മൂലം ചക്കയും തേങ്ങയും മാങ്ങയും കപ്പയും ഉള്‍പ്പെടെ എല്ലാത്തരം കൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയിലായി കാര്യങ്ങള്‍. ഇതോടെ പൊന്നുവിളയിച്ച ഏക്കര്‍ കണക്കിന് ഭൂമി പല സ്ഥലങ്ങളിലായി മലയോര മേഖലയില്‍ തരിശുകിടക്കുകയാണ്. കപ്പയും കാച്ചിലും വിവിധയിനം ചേമ്പുകളും ചേനയും ചെറുകിഴങ്ങും ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗത്തിലുള്ള ഉല്പന്നങ്ങളുടെ ലഭ്യത ജില്ലയില്‍ വന്‍തോതില്‍ കുറയുകയും ചെയ്തിട്ടുണ്ട്.
മയിലിനെക്കൊണ്ടും രക്ഷയില്ല
അടിമാലി: വന്യജീവിയാക്രമണം തുടർക്കഥയാകുന്ന ജില്ലയിൽ മയിലും കൃഷി നശിപ്പിക്കുന്നു. 10 വർഷം മുമ്പുവരെ ജില്ലയിൽ അപൂർവമായിരുന്ന മയിലുകൾ ഹൈറേഞ്ചിൽ പലയിടത്തും ഇപ്പോൾ സാധാരണ കാഴ്ചയാണ്. കൗതുകക്കാഴ്ചയൊരുക്കുന്ന മയിലുകൾ പക്ഷേ, കാർഷിക മേഖലയിലും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കർഷകരടക്കം പറയുന്നു.
വിളകൾ നശിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് ഉപകാരപ്രദമായ മിത്രകീടങ്ങളെയും ജീവികളെയും മുച്ചൂടും നശിപ്പിക്കുന്ന മയിലുകൾ പെരുകുന്നത് വരൾച്ചയുടെ ലക്ഷണമാണെന്നും ഇവർ പറയുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും വരണ്ട കാലാവസ്ഥയിൽ വളരാൻ ഇഷ്ടപ്പെട്ടിരുന്നവ ഹൈറേഞ്ചിലുൾപ്പെടെ ധാരാളമായി കാണുന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണമാണെന്നും വിദഗ്ധർ പറയുന്നു. പ്രത്യേക നിയമപരിരക്ഷയുള്ള ഇവയെ ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ ലഭിക്കും. മയിലുകൾ കൃഷി ഇടത്തിലിറങ്ങി നാശം വിതക്കുമ്പോൾ നിസ്സഹായാവസ്ഥയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.