മഞ്ഞ കാർഡിൽ പഞ്ചസാര വിതരണം മുടങ്ങി; വെള്ള അരിയും കിട്ടാനില്ല
text_fieldsഅടിമാലി: റേഷൻ കടകളിൽ മഞ്ഞ കാർഡിനുള്ള (എ.എ.വൈ) പഞ്ചസാര വിതരണം മുടങ്ങി. എല്ലാ വിഭാഗത്തിനും കൊടുക്കേണ്ട വെള്ള അരി മുടങ്ങിയതിന് പുറമെയാണ് പഞ്ചസാരയും ഇല്ലാതായത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പഞ്ചസാരയുടെ പണം അടക്കാതെ ഏജൻസികൾക്ക് കുടിശ്ശികയുള്ളതാണ് പഞ്ചസാര വരാതിരിക്കാൻ കാരണമെന്നാണ് വിവരം.
അന്ത്യോദയ കാർഡിന് മാസത്തിൽ ഒരുകിലോ വീതമാണ് പഞ്ചസാര വിതരണം ചെയ്തിരുന്നത്. ഇതാണ് രണ്ട് മാസമായി മുടങ്ങിക്കിടക്കുന്നത്. പച്ചരിയാണ് കൂടുതലായി നൽകുന്നതെന്നും ആക്ഷേപമുണ്ട്. വെള്ള അരി ഒരു കടയിലും ഇല്ല. കുത്തരി നൽകുന്നുണ്ടെങ്കിലും ആവശ്യത്തിനില്ല.
ദേവികുളം താലൂക്കിൽ തോട്ടം തൊഴിലാളികളും ആദിവാസികളും വെള്ള അരിയാണ് പ്രധാനമായി ഉപയോഗിക്കുന്നത്. അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽനിന്നാണ് ദേവികുളം താലൂക്കിൽ റേഷൻ സാധനങ്ങൾ എത്തുന്നത്. എറണാകുളം ജില്ലക്ക് സർക്കാർ നൽകുന്ന വിഹിതംപോലെ ദേവികുളത്തിനും നൽകുന്നു. ഇതാണ് പ്രധാന പ്രശ്നം.
ജില്ലയിൽ മറ്റ് താലൂക്കുകളിൽ അറക്കുളത്തുനിന്നാണ് വിതരണം. ഈ ഡിപ്പോ വഴി ദേവികുളത്തും അരി ഉൾപ്പെടെ എത്തിച്ചാൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.