തേക്ക് മോഷണം: പ്രതിയെ പിടിക്കാനെത്തിയ വനപാലകർക്ക് ആക്രമണത്തിൽ പരിക്ക്
text_fieldsഅടിമാലി: തേക്ക് പ്ലാേൻറഷനിൽനിന്ന് തടി മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പിടിക്കാനെത്തിയെ വനപാലകരെ ആക്രമിച്ചു. രണ്ടു വനപാലകർക്ക് പരിക്ക്. പൊലീസ് എത്തിയാണ് വനപാലകരെ മോചിപ്പിച്ചത്.
നേര്യമംഗലം റേഞ്ചിൽ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ നീനു പ്രതീപ്, വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതി നേര്യമംഗലം കോളനി ഭാഗത്ത് താമസിക്കുന്ന ഇടക്കുടി വീട്ടിൽ സുരേന്ദ്രനെ ഊന്നുകൽ പൊലീസ് പിടികൂടി. ഇൗ മാസം 17ന് നേര്യമംഗലം റേഞ്ചിൽ വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽനിന്ന് തേക്ക് കഴകൾ മോഷണം പോയിരുന്നു.
സുരേന്ദ്രനെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുത്തു. പ്രതിയെയും തൊണ്ടിയും കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോഴാണ് വനപാലകരെ ആക്രമിച്ചത്.
സുരേന്ദ്രൻ പുതിയ വീട് പണി നടത്തിവരുകയാണ്. വീട് നിർമാണത്തിനായി കാഞ്ഞിരവേലി തേക്ക് തോട്ടത്തിൽനിന്ന് ഉണക്ക തേക്ക് കഴകൾ സഹായികളെകൂട്ടി മുറിച്ച് വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഉരുപ്പടികൾ നിർമിക്കുകയായിരുന്നു. തേക്ക് കടത്താൻ ഉപയോഗിച്ച വാഹനവും നിർമിച്ച ഉരുപ്പടികളും കസ്റ്റഡിയിലെടുത്തശേഷം സുരേന്ദ്രനെ പിടികൂടാൻ ശ്രമിച്ചതോടെയാണ് ഇയാൾ അക്രമാസക്തനായത്.
തുടർന്ന് വനപാലകർ പൊലീസ് സഹായം തേടുകയായിരുന്നു. അറസ്റ്റിലായ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് വകുപ്പിൽ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ പിരിച്ചുവിട്ടതാണ്. ഇയാൾ നിരവധി ഫോറസ്റ്റ്, പോലീസ്, എക്സൈസ് കേസുകളിയും പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.