പരിശോധന പര്യാപ്തമല്ല; ലഹരിമാഫിയ വിലസുന്നു
text_fieldsഅടിമാലി: ജില്ലയുടെ പലഭാഗത്തും വ്യാജ മദ്യ - ലഹരിമാഫിയ തഴച്ചു വളരുന്നു. ലഹരിയുടെ ഒഴുക്കിന് തടയിടാന്‍ പൊലീസും എക്സൈസും നടത്തുന്ന പരിശോധനകള്‍ പര്യാപ്തമല്ലാത്തതാണ് വ്യാപനത്തിന് കാരണം. കഞ്ചാവിന് പുറമെ മാരക ലഹരി മരുന്നായ എം.ഡി.എം.എ ഉൾപ്പെടെ ഉള്ളവയും വിദേശ മദ്യവും വാറ്റ് ചാരായവും ഗ്രാമ- പട്ടണ പ്രദേശങ്ങളിൽ വ്യാപകമായി ലഭിക്കുന്നു. കഴിഞ്ഞ ദിവസം നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 1.3 കിലോ ഉണക്ക കഞ്ചാവ് പിടി കൂടിയതാണ് ഒടുവിലത്തെ സംഭവം.
സർക്കാർ മദ്യ ശാലകളിൽ നിന്ന് മദ്യം വാങ്ങി ചില്ലറ വിൽപന നടത്തുന്ന സംഘങ്ങളും ധാരാളം. ഇത്തരക്കാർ വിദേശ മദ്യത്തിന് അഞ്ചിരട്ടിയിലേറെ വിലയും വാറ്റു ചാരായത്തിനു ലീറ്ററിന് 2500 രൂപ മുതല്‍ ഈടാക്കിയുമാണ് വില്‍ക്കുന്നത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിളിനു കീഴിലെ മാങ്കുളം, മൂന്നാര്‍, മറയൂര്‍, ചിന്നക്കനാല്‍, വട്ടവട, അടിമാലി, ഇടുക്കി സര്‍ക്കിളിന് കീഴില്‍ വരുന്ന കൊന്നത്തടി, വാത്തികുടി, കഞ്ഞികുഴി, നെടുങ്കണ്ടം സര്‍ക്കിളിന് കീഴില്‍ വരുന്ന സേനാപതി, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ് ഇത്തരം മാഫിയയുടെ പ്രവര്‍ത്തനം വ്യാപകം.
ഏലം, തേയില തോട്ടങ്ങളിലും ആദിവാസി സങ്കേതങ്ങളിലും റിസർവ് വനങ്ങളിലും വലിയതോതിലാണ് വ്യാജവാറ്റ്. ഇത്തരക്കാർക്കെതിരെ കാര്യമായ പരിശോധനകളോ റെയ്ഡുകളോ എക്സൈസ്-പൊലീസ് വകുപ്പുകള്‍ നടത്തുന്നില്ല.അബ്കാരി കേസുകള്‍ അന്വേഷിക്കുന്നതില്‍ പൊലീസ് ഗുരുതര വീഴ്ചയും വരുത്തുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മദ്യം എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. പഴം - പച്ചക്കറി എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളില്‍ രഹസ്യമായി മദ്യം കടത്തിക്കൊണ്ടു വരുന്നുമുണ്ട്.
കടയിൽ മോഷണം, വീടിന് കല്ലേറ്, കോഴികളെ മോഷ്ടിച്ചു; ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം
മുട്ടം: മലങ്കരയിൽ ലഹരി മാഫിയ അഴിഞ്ഞാടിയതായി പരാതി. ലഹരിക്ക് അടിമപ്പെട്ട അഞ്ച് അംഗ സംഘമാണ് ശനിയാഴ്ച രാത്രി മുതൽ പുലർച്ച വരെ നാട്ടിൽ പരിഭ്രാന്തി പരത്തിയതെന്ന് നാട്ടുകാർ പറയുന്നു. രണ്ട് പേരെ തിരിച്ചറിഞ്ഞെന്നും മറ്റുള്ളവരെ കണ്ടാൽ അറിയുന്നവരുമാണെന്ന് നാട്ടുകാർ പരാതി നൽകി. അഞ്ചംഗ സംഘം പോകും വഴി നായ് കുരച്ചതിനെത്തുടർന്ന് പട്ടിക്കൂട് എറിഞ്ഞ് തകർത്തതാണ് ആദ്യ സംഭവം. ശബ്ദം കേട്ട് ടോർച്ച് അടിച്ച് നോക്കിയ വീട്ടുടമ കരിമറ്റത്തിൽ ഷാജി മോനെതിരെയും വീട്ടുകാർക്കെതിരെയും അസഭ്യവർഷം നടത്തി. തുടർന്ന് വീട് എറിഞ്ഞ് തകർത്തു.
ഓടും മേൽക്കൂരയും തകർന്നു. കല്ലേറിൽ ഓട് പൊട്ടി വീടിനകത്ത് വീണു. ആർക്കും പരിക്കേറ്റില്ല. അവിടെ നിന്നും പോയ സംഗം മലങ്കര എസ്റ്റേറ്റിന്റെ സുരക്ഷാവേലികൾ പിഴുത് എറിഞ്ഞു. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് മുള്ളുവേലി പിഴുതത്. ഇടവെട്ടി കുടിവെള്ള പദ്ധതിയുടെ ജനൽ ചില്ലുകളും തകർത്തിട്ടുണ്ട്. മലങ്കര ഡാമിന് സമീപത്തെ ചാവാട്ട് ബേബിയുടെ അഞ്ച് കോഴികളും രാമൻകുളം വീട്ടിൽ ആർ.കെ മുഹമ്മദിന്റെ കട കുത്തിത്തുറന്ന് 1500 രൂപയും മിഠായികളും ബീഡി, സിഗരറ്റ് എന്നിവയും മോഷണം പോയിട്ടുണ്ട്. മോഷണത്തിന് പിന്നിലും ലഹരി സംഘം തന്നെയാണെന്ന് നാട്ടുകാർ സംശയിക്കുന്നു. നാട്ടുകാർ മുട്ടം പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.