പെരിഞ്ചാംകുട്ടി പ്ലാേൻറഷൻ കൈയേറി ആദിവാസികൾ കുടിൽ കെട്ടി
text_fieldsഅടിമാലി: പെരിഞ്ചാംകുട്ടി പ്ലാേൻറഷൻ കൈയേറി ആദിവാസികൾ കുടിൽ കെട്ടി. വിവരമറിഞ്ഞെത്തിയ വനപാലകർ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. തിങ്കളാഴ്ച രാവിലെ എട്ടോടെ ചിന്നക്കനാൽ 301 ആദിവാസി കോളനിയിലെ ജോസ് ചാണ്ടിയുടെ നേതൃത്വത്തിലാണ് ഒൻപത് കുടുംബങ്ങളെ പ്രതിനിധാനംചെയ്ത് 10 ആദിവാസികൾ പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽ അതിക്രമിച്ചുകടന്ന് കുടിൽ കെട്ടിയത്.
ഭൂരഹിതരായ മൂന്നു സ്ത്രീകളും ഏഴു പുരുഷൻമാരുമാണ് സർക്കാറിനെതിരെ കുടിൽകെട്ടി സമരം നടത്തിയത്. ദേവികുളം ഡി.എഫ്.ഒ കണ്ണെൻറ നേതൃത്വത്തിലെത്തിയ വനപാലക സംഘം ഇവരെ അറസ്റ്റ് ചെയ്ത് പെരിഞ്ചാംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി ഭൂസംരക്ഷണ അവകാശ സമിതിയുടെ നേതൃത്വത്തിലാണ് കുടിൽ കെട്ടൽ സമരം നടത്തിയതെന്ന് രക്ഷാധികാരി ജോസ് ചാണ്ടി പറഞ്ഞു. പടുതാ ഷീറ്റുമായി എത്തിയ ഇവർ പെട്ടെന്ന് കുടിൽ തീർത്ത് പാചകം തുടങ്ങിയിരുന്നു. 2002 ലാണ് പെരിഞ്ചാംകുട്ടിയിലെ ഭൂസമരം തുടങ്ങുന്നത്.
ചിന്നക്കനാലിൽ നിന്നുള്ള ആദിവാസികൾ ഉൾപ്പെടെ പലകുറി ഇവിടെ കുടിൽകെട്ടി സമരം നടത്തുകയും പൊലീസ് ഇടപെട്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. കലക്ടറേറ്റിന് മുന്നിൽ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിൽ നേരത്തേ കുടിയൊഴിപ്പിച്ച ആദിവാസികളെ പെരിഞ്ചാംകുട്ടിയിൽ തന്നെ പുനരധിവസിപ്പിക്കാൻ 2018 മാർച്ചിൽ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. 158 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകാനായിരുന്നു തീരുമാനം. ഇത് നടപ്പാകാത്തതിൽ പ്രതിഷേധിച്ചാണ് സമരവുമായി വീണ്ടും ആദിവാസികൾ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.