താളുംകണ്ടത്ത് സൗരോർജ വേലി തകർത്ത് കട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsഅടിമാലി: വനംവകുപ്പിെൻറ സൗരോർജ വേലി തകർത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. മാങ്കുളം റേഞ്ചിൽ താളുംകണ്ടത്താണ് വലിയ നാശംവിതച്ചത്.
പാലക്കൽ ടി.ആർ. മണി, ബാബു ശിവശങ്കരൻ, കവലക്കൽ ശശി, മണി തങ്കച്ചൻ, മണി രാജപ്പൻ, പടിക്കൽ ബിന്ദു, ഇലവുംതടത്തിൽ ബാലൻ, മാന്തടത്തിൽ ബൈജു, മുള്ളനാട്ട് ബേബി, പച്ചൻ ദാസ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. കമുങ്ങ്, വാഴ, മരച്ചീനി, തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്. കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും എത്താതെ സ്ഥാപിച്ച സൗരോർജ വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് എത്തിയത്. വർഷാവർഷം നടത്തേണ്ട അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഇവിടെ സൗരോർജ വേലി പ്രവർത്തനരഹിതമായിരുന്നു. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് സൗരോർജ വേലിയുള്ളത്. ഇതിൽ പകുതിയിലേറെ കാട്ടാനകൾ നശിപ്പിച്ചു. വേലി തകർത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങിയ വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചപ്പോൾ നിങ്ങൾതന്നെ കാട്ടാനകളെ ഓടിച്ചുവിട്ടോളണമെന്ന മറുപടിയുമാണ് ലഭിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇത് ജനങ്ങളുടെ എതിർപ്പിനും കാരണമായി. 10 ഏക്കറിലേറെ കാർഷിക വിളകളാണ് ഒറ്റ രാത്രികൊണ്ട് കാട്ടാനകൾ നശിപ്പിച്ചത്. സൗരോർജ വേലി തകർത്തത് വനംവകുപ്പിനും വലിയ നഷ്ടമായി. രണ്ടുമാസത്തിലേറെയായി പ്രദേശത്ത് കാട്ടാനകൾ വ്യാപകമായി നാശം തുടരുകയാണ്. തെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനവും കാട്ടാനശല്യം പരിഹരിക്കുമെന്നുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്തുവരവെ വിഷയം ജനവികാരമായി മാറുന്നത് ഇരുമുന്നണികൾക്കും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.