ബൈസൺവാലി പഞ്ചായത്തിന്റെ ഫേമസ് ബേക്കറി അടച്ചുപൂട്ടി
text_fieldsഅടിമാലി: ജില്ലയിലെ തന്നെ ഏറ്റവും മികച്ച ബേക്കറിയിൽ ഒന്നായി മാറിയ ബൈസൺവാലി പഞ്ചായത്ത് സി.ഡി.എസ് നടത്തിയ ഫേമസ് ബേക്കറി അടച്ചുപൂട്ടി. കെടുകാര്യസ്ഥത മൂലമുണ്ടായ വൻ ബാധ്യതയാണ് പൂട്ടാൻ കാരണം.
2013ലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി പഞ്ചായത്തിന് സമീപത്ത് ഫേമസ് ബേക്കറി ആരംഭിച്ചത്. പഞ്ചായത്ത് ബേക്കറിക്കുവേണ്ടി 80 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമിച്ചു നൽകി. നാൾക്കുനാൾ വളർന്നുവന്ന ബേക്കറി പിന്നീട് ജില്ലയിലെ ഏറ്റവും നല്ല ബേക്കറികളിൽ ഒന്നായി മാറി. മറയൂർ, കാന്തല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകൾ ഫേമസിന്റെ ബേക്കറി സാധനങ്ങൾ ചോദിച്ചു വാങ്ങിയിരുന്നു. മായവും രാസവസ്തുക്കളും ചേർക്കാതെ നിർമിച്ചിരുന്ന ബേക്കറി വസ്തുക്കൾ നല്ല നിലയിൽ വിറ്റുപോകുകയും ചെയ്തിരുന്നു.
2018ലെ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സർക്കാറിന്റെ അവാർഡും ഫേമസ് ബേക്കറി കരസ്ഥമാക്കി. എന്നാൽ, പിന്നീട് അധികൃതരുടെ കെടുകാര്യസ്ഥതയും അലസമനോഭാവവും ധൂർത്തും മൂലമാണ് ബേക്കറി പൂട്ടുന്നതിന് ഇടയായത്.
വിവിധ ബാങ്കുകളിലായി ഒരു കോടിയിൽ അധികം ബാധ്യത ബേക്കറിക്കുണ്ട്. കൂടാതെ പൊട്ടൻകാട് സർവിസ് സഹ. ബാങ്കിൽ 20 കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ വ്യക്തിഗത വായ്പയായി ആൾ ഒന്നിന് 63,000 രൂപ വീതം ലോണെടുത്തിട്ടുമുണ്ട്. അവരെയാണ് ഇവിടെ ജീവനക്കാരായി നിയമിച്ചത്. ബേക്കറി അടച്ചുപൂട്ടിയതോടെ ഈ തുകയടച്ചു തീർക്കേണ്ട ബാധ്യത ഈ കുടുംബശ്രീ അംഗങ്ങൾക്ക് വന്നിരിക്കുകയാണ്. കൂടാതെ മൈദ, പഞ്ചസാര പോലെയുള്ള പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ഇരുപതേക്കർ, ആനച്ചാൽ, അടിമാലി എന്നിവിടങ്ങളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ 20 ലക്ഷത്തിലധികം രൂപ നൽകാനുണ്ട്. ഇരുപതേക്കറിലെ ഒരു വ്യാപാര സ്ഥാപനത്തിൽ തന്നെ 10 ലക്ഷം രൂപയിൽ അധികം നൽകാനുണ്ട്.
വരവ് നോക്കാതെ നടത്തിയ ചെലവും അമിതമായ തോതിലുള്ള നിർമാണവും സാധനങ്ങൾ വാങ്ങിയതിലെ അഴിമതിയുമാണ് ബേക്കറിയെ തകർത്തത്. ബേക്കറി സാധനങ്ങളുടെ പ്ലാസ്റ്റിക് കവറിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ 50 പൈസക്ക് ലഭിക്കുമെന്നിരിക്കെ ഒരെണ്ണത്തിന് 3.50 പൈസ എന്ന നിരക്കിലാണ് ബേക്കറി വാങ്ങിക്കൊണ്ടിരുന്നത്. സ്ഥാപനത്തിന്റെ തകർച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ അഴിമതിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.