ചികിത്സ വേണം; ചിത്തിരപുരം ആശുപത്രിക്ക്
text_fieldsഅടിമാലി: ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ചിത്തിരപുരം സർക്കാർ ആശുപത്രി പ്രവർത്തനം താളംതെറ്റി. ഒരു ഡോക്ടർ ഓടിനടന്നിട്ടും രോഗികളെ മതിയായി പരിചരിക്കാൻ കഴിയുന്നില്ല. രാവിലെ എട്ടിന് എത്തുന്ന ഡോക്ടർ വൈകീട്ട് ആറുവരെ ആശുപത്രിയിലുണ്ടാകും. എന്നാൽ, രാത്രി അത്യാഹിതം സംഭവിച്ചാലോ മറ്റ് അസുഖങ്ങളാലോ ആരും ഇവിടേക്ക് വരേണ്ട. രാത്രി ഡോക്ടർ ഇല്ല എന്നതുതന്നെ കാരണം.
എട്ട് ഡോക്ടർമാരുടെ ഒഴിവുള്ള ഇവിടെ മെഡിക്കൽ ഓഫിസറും ജനറൽ വിഭാഗത്തിലുമടക്കം രണ്ട് ഡോക്ടറേയുള്ളൂ. 12 പഞ്ചായത്തിന്‍റെ ചുമതല മെഡിക്കൽ ഓഫിസർക്കുണ്ട്.ആദിവാസി കോളനികളിൽ മെഡിക്കൽ ക്യാമ്പും പഞ്ചായത്തുതലങ്ങളിൽ ബോധവത്കരണ പരിപാടികളും വകുപ്പുതല യോഗങ്ങളും എല്ലാം കഴിയുമ്പോൾ മെഡിക്കൽ ഓഫിസറുടെ സേവനം രോഗികൾക്ക് ലഭിക്കില്ല. ഇതിന് പുറമെ ശബരിമല ഡ്യൂട്ടികൂടി നൽകിയതോടെ മെഡിക്കൽ ഓഫിസറും സ്ഥലംവിട്ടു. തുടർന്ന്, എല്ലാ ചുമതലയും ഒരാൾക്കായി.
അടുത്തിടെവരെ ഓർത്തോ ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. ഈ ഡോക്ടർ സ്ഥലംമാറിയതോടെ പാവപ്പെട്ടവരും തോട്ടം തൊഴിലാളികളും ആദിവാസികളുമായ രോഗികൾ നെട്ടോട്ടത്തിലാണ്. മുമ്പ് ദിവസവും 400 മുതൽ 500 വരെ രോഗികൾ ഒ.പിയെ ആശ്രയിച്ചിരുന്നു. 30ഓളം രോഗികളെ കിടത്തിച്ചികിത്സിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 24 മണിക്കൂറും ഡോക്ടറുടെ സേവനം പോലുമില്ല. കിടത്തിച്ചികിത്സക്ക് ഒരുക്കിയ വാർഡുകൾ വർഷങ്ങളായി ശൂന്യമാണ്.
എല്ലാ സൗകര്യവുമുള്ള ലേബർ മുറിയും നോക്കുകുത്തിയായി. നിത്യേന നിരവധി അപകടങ്ങൾ നടക്കുന്ന തോട്ടം മേഖലയിലെ ആശുപത്രിയാണെങ്കിലും പലപ്പോഴും പ്രഥമശുശ്രൂഷ പോലും ലഭിക്കാത്ത സ്ഥിതിയാണ്. നഴ്സുമാർ നാലുപേർ മാത്രമാണുള്ളത്. നാട്ടുകാരുടെ നിരന്തര സമ്മർദത്തെ തുടർന്ന് രാത്രി സേവനത്തിന് താൽക്കാലിക ഡോക്ടർമാരെ നിയമിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. താൽക്കാലിക നിയമനങ്ങൾ നാഷനൽ ഹെൽത്ത് മിഷന് കീഴിലേക്ക് മാറിയതോടെ അതും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.