വിളവെടുപ്പ് തുടങ്ങി; കുരുമുളകിനും വിലയിടിയുന്നു
text_fieldsഅടിമാലി: ഹൈറേഞ്ചില്‍ കുരുമുളക് വിളവെടുപ്പ് തുടങ്ങിയതോടെ വിലയും ഇടിയുന്നു. രണ്ടാഴ്ചക്കിടെ കിലോക്ക് 20 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വില ഇടിയുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.
രണ്ടാഴ്ച മുമ്പ് 520 രൂപയുണ്ടായിരുന്ന കുരുമുളക് വ്യാഴാഴ്ച 500 രൂപക്കാണ് വില്പന നടന്നത്. ഏലം വിലയിടിവ് ആശങ്ക സൃഷ്ടിക്കുന്നതിനിടെയാണ് കുരുമുളകിനും വില ഇടിയുന്നത്. ഏലത്തിന് 700 രൂപയാണ് ഇപ്പോഴത്തെ ശരാശരി വില. ഏലത്തിന്റെ ഉൽപാദനം ക്രമാതീതമായി വര്‍ധിച്ചതാണ് വിലയിടിയാന്‍ കാരണമെന്ന് പറയുമ്പോൾ കുരുമുളക് അഞ്ചു വര്‍ഷം മുമ്പ് ഉൽപാദിപ്പിച്ചതിന്റെ പത്തിലൊന്ന് മാത്രമാണ് ഇപ്പോള്‍ ഉൽപാദനമുള്ളത്. ഹൈറേഞ്ചില്‍ കുരുമുളക് മൂപ്പെത്തി വിളവെടുപ്പിന് പാകമായി വരുകയാണ്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് കുരുമുളകിന് വിപണിയില്‍ വില വര്‍ധനയുള്ളതിനാല്‍ കര്‍ഷകർ ഇത്തവണ പ്രതീക്ഷയോടെയായിരുന്നു വിളവെടുപ്പ് കാലത്തെ നോക്കി കണ്ടിരുന്നത്. വിളവെടുപ്പ് സജീവമാകുന്നതോടെ വിപണിയില്‍ കുരുമുളകിന് വീണ്ടും വിലയിടിവുണ്ടാകുമോയെന്ന ആശങ്ക കര്‍ഷകര്‍ക്ക്.
കാലങ്ങളായി തുടരുന്ന വിലയിടിവും രോഗബാധയുമാണ് ഉൽപാദനക്കുറവിന് ഇടവരുത്തിയത്. രോഗബാധ മൂലം കര്‍ഷകര്‍ പലരും കുരുമുളക് കൃഷിയില്‍നിന്ന് പിന്മാറിയിരുന്നു. ഉൽപാദനക്കുറവെങ്കിലും ഉയര്‍ന്ന വിലയുണ്ടെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാമെന്ന പ്രതീക്ഷയിലിരിക്കെ നിലവിലുള്ള വിലയില്‍ കുറവ് സംഭവിക്കുന്നത് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്.
പുറ്റടി സ്പൈസസ് പാർക്കിന് മുന്നിൽ പ്രതിഷേധവുമായി ഏലം കർഷകർ
കട്ടപ്പന: ഏലക്ക വിലയിടിവിൽ പ്രതിഷേധിച്ച് ഇടുക്കി-വയനാട് ഏലം കർഷക കൂട്ടായ്മ നേതൃത്വത്തിൽ പുറ്റടി സ്പൈസസ് പാർക്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പുറ്റടി ഫെഡറൽ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച കർഷക മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ഏലം കർഷകർ അണിനിരന്നു. മാർച്ച് സ്പൈസസ് പാർക്കിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന സമരം കർഷക ഫോറം കൺവീനർ ജയിംസ് പ്ലാത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഏലത്തിന് തറവില പ്രഖ്യാപിക്കുക, കള്ളക്കളികൾ അവസാനിപ്പിച്ച് ലേലനടപടികൾ സുതാര്യമാക്കുക, ലേലത്തിനുവെക്കുന്ന എലക്കയുടെ ഗുണനിലവാരം കച്ചവടക്കാർക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ ലേല സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യുക, ഏലം കർഷകരുടെ ബാങ്ക് വായ്പകളുടെ പലിശ മൂന്ന് വർഷത്തേക്ക് ഒഴിവാക്കുക, ജപ്തി നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഉൽപാദന ചെലവിന് ആനുപാതികമായി 3000 രൂപ എങ്കിലും തറവില നിശ്ചയിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വിൻസ് ജോസഫ്, പി. ഋഷി, സുധീഷ് മാത്യു, യു.എൻ. പ്രസാദ്, ബിനോയി ചാക്കോ, ബാബൻസ് അണക്കര തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.