മലഞ്ചരക്ക് കടയിൽ നിന്ന് 1200 കിലോ കുരുമുളക് കവർന്നയാൾ പിടിയിൽ
text_fieldsഅടിമാലി: മച്ചിപ്ലാവിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തൃശൂർ വാടാനപ്പള്ളി എം.എൽ.എ വളവ് തിണ്ടിക്കൽ വീട്ടിൽ ടി.കെ. ബാദ്ഷയെ (32) അടിമാലി എസ്.ഐ.സിദ്ദീഖ് അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മച്ചിപ്ലാവ് കോട്ടക്കൽ ബിനോയിയുടെ മലഞ്ചരക്ക് കട കുത്തി തുറന്ന് 1200 കിലോ ഉണക്ക കുരുമുളകും മേശ കുത്തിപ്പൊളിച്ച് 10,000 രൂപയും അപഹരിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ജനുവരി 12 ന് പുലർച്ചയാണ് മോഷണം നടന്നത്. മോഷണത്തിന് ഉപയോഗിച്ച വാഹനം കഴിഞ്ഞ ദിവസം അടിമാലി പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശിനിയുടെതായിരുന്നു വാഹനം. ഇതാണ് കേസിന് വഴിത്തിരിവായത്. കുരുമുളക് വിറ്റ് കിട്ടിയ പണം ബാദ്ഷ പാലക്കാട്ടെ ബാങ്കിൽ നിക്ഷേപിച്ചത് അടിമാലി പൊലീസ് കണ്ടെത്തി. ബാദ്ഷ ബംഗളൂരുവിൽ ഉണ്ടെന്നും വിവരം കിട്ടി.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ബാങ്കിൽ എത്തി അക്കൗണ്ട് മരവിപ്പിച്ച കാരണം തിരക്കുന്നതിനിടെ ബാങ്ക് അധികൃതരുടെ നിർദേശാനുശ്രണം പാലക്കാട് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അടിമാലി പൊലീസ് പാലക്കാട്ട് എത്തി അറസ്റ്റ് ചെയ്ത് അടിമാലിയിലെത്തിച്ചു.
നിരവധി കേസുകളിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ടി.എം. നൗഷാദ്, അബ്ദുല്ല , അബ്ബാസ്, എ.എസ്.ഐ ഷാജിത. സിവിൽ പൊലീസ് ഓഫീസർമാരായ ലാൽ ജോസ്, ഷാജഹാൻ, പ്രകാശ്, ദീപു എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.