മഴ കനത്തു; കള്ളക്കുട്ടി കുടിയിലെ ആദിവാസികള്‍ ഭീതിയില്‍
text_fieldsഅടിമാലി: മഴ കനത്തതോടെ മാങ്കുളം കളളക്കുട്ടി ആദിവാസി കോളനി നിവാസികള്‍ ഭീതിയില്‍. കുട്ടികളെ സ്കൂളില്‍ അയക്കാനും ഭക്ഷ്യ വസ്തുക്കള്‍ ശേഖരിക്കാനും പുറം ലോകവുമായി ബന്ധപ്പെടാനുമുള്ള താൽക്കാലിക പാലം തകരുമോയെന്ന ഭീതിയിലാണ് ആദിവാസികള്‍.
ഇവിടത്തെ കുട്ടികള്‍ ചിക്കണം കുടിയിലെ സ്കൂളിലെത്തിയാണ് പഠിക്കുന്നത്. താൽക്കാലിക പാലത്തിലൂടെ ചിക്കണം കുടി സ്കൂളില്‍ പോയിതിരിച്ച് വരുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് പുറമെ വന്യജീവികളുടെ ശല്യം കൂടിയായതോടെ ഭീതിയുടെ ആക്കം വർധിച്ചു. 2018 ജൂലൈ അവസാന അഴ്ചയിലാണ് കോരിച്ചൊരിയുന്ന മഴയും ഉരുള്‍പൊട്ടലും ഈ ആദിവാസി കോളനിയെ തകിടം മറിച്ചത്.
ജനവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന പാലം മഴയിലും വെള്ളപ്പൊക്കത്തിലും ഒഴുകി പോയതോടെ കോളനി ഒറ്റപ്പെട്ടു. കരിന്തിരി പുഴയില്‍ വെള്ളമുയര്‍ന്നാല്‍ ഇനിയും ഒറ്റപ്പെടുമെന്നാണ് ഇവിടത്തെ ആദിവാസികള്‍ പറയുന്നത്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട 25 കുടുംബങ്ങളാണ് ഇവിടെയുളളത്. അരിയുള്‍പ്പെടെ ആവശ്യവസ്തുക്കള്‍ കോളനിയില്‍ എത്തിക്കാനുമുള്ള ഏക മാർഗവും പാലമാണ്.
വേനലില്‍ വെളളം വറ്റിയതിനാല്‍ ഇത്രനാളം പ്രശ്നമില്ലായിരുന്നു. എന്നാല്‍ മഴ തുടങ്ങിയതോടെ പുഴ സജീവമായി. പ്രളയ ശേഷം പുഴ മുറിച്ച് കടക്കാനായി ആദിവാസികള്‍ തന്നെ കമ്പിയും ഈറ്റയും ഉപയോഗിച്ച് രണ്ട് മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് തൂക്കുപാലം നിർമിച്ചിരുന്നു. വേനല്‍ പിന്നിട്ടതോടെ ഈ പാലത്തിനും ബലക്ഷയം സംഭവിച്ചു കഴിഞ്ഞു.
മഴക്കാലത്ത് കോളനി ഒറ്റപ്പെടാനുള്ള സാധ്യത മുമ്പില്‍ കണ്ട് പഠിക്കുന്ന കുട്ടികളെ പല മാതാപിതാക്കളും ഹോസ്റ്റലുകളിലാക്കിയിട്ടുണ്ട്. പുഴയില്‍ വെളളമുയരുന്നതോടെ കള്ളക്കൂട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗന്‍വാടിയുടെ പ്രവര്‍ത്തനവും താളം തെറ്റും. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിർമിക്കാൻ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
എന്നാല്‍ ഇതിന്റെ നിർമാണം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. പാലം നിര്‍മ്മിക്കാന്‍ എം.പി മുന്നോട്ട് വരികയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എം.പി.ഫണ്ട് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.