അരിക്കൊമ്പൻ 11 തവണ തകർത്ത റേഷൻ കട ആറ് മാസത്തിനുശേഷം പുനർനിർമിച്ചു
text_fieldsഅടിമാലി: 11 തവണ അരിക്കൊമ്പൻ എന്ന കാട്ടാന തകർത്ത റേഷൻ കട അരിക്കൊമ്പനെ കാട് മാറ്റി ആറു മാസങ്ങൾക്ക് ശേഷം പ്രവർത്തനസജ്ജമാക്കി. ചിന്നക്കനാൽ പന്നിയാറിലെ റേഷൻ കടയാണ് പുനർ നിർമിച്ചത്.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ സ്ഥിരം സാനിധ്യമായിരുന്ന അരിക്കൊമ്പൻ വീടുകൾക്കും കടകൾക്കും നേരെ ആക്രമണം നടത്തുന്നത് പതിവായിരുന്നു. ആനയിറങ്കലിലെയും ചിന്നക്കനാലിലെയും റേഷൻ കടകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നെങ്കിലും ഏറ്റവും അധികം ആക്രമണം നേരിട്ടത് പന്നിയാർ തോട്ടം മേഖലയിലെ കട ആയിരുന്നു.
അരിക്കൊമ്പനെ നാട് കടത്തിയതിന് തൊട്ട് മുമ്പുള്ള മാസവും പല തവണ നേരെ ആക്രമണം ഉണ്ടായി. റേഷൻ വിതരണം പോലും മുടങ്ങുന്ന സാഹചര്യം ഉണ്ടായതോടെ പുതിയ കെട്ടിടം നിർമിക്കാൻ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ചേർന്ന യോഗം നിർദേശിക്കുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. എങ്കിലും അരിക്കൊമ്പനെ നാട് കടത്തി ആറു മാസങ്ങൾക്ക് ശേഷമാണ് കട പ്രവർത്തനസജ്ജമായത്.
ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് ഉദ്ഘാടനം ചെയ്തു. പന്നിയാറിൽ റേഷൻ കടയും സ്കൂളും പ്രവർത്തിക്കുന്ന മേഖലയിൽ വനം വകുപ്പ് ഹാങ്ങിങ് സോളാർ ഫെൻസിങ് ഒരുക്കിയിരുന്നു. പുതിയ കെട്ടിടം നിമിച്ചതോടെ ഇനി റേഷൻ വിതരണം മുടങ്ങില്ല എന്ന ആശ്വാസത്തിലാണ് തോട്ടം തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.