പുഴയില്‍ വെള്ളം പൊങ്ങി;അംഗൻവാടി അധ്യാപിക ആദിവാസി ഊരില്‍ കുടുങ്ങി
text_fieldsഅടിമാലി: വേനല്‍ മഴയില്‍ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതിനെത്തുടർന്ന് അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവൻ ആദിവാസി ഊരില്‍ കുടുങ്ങി. മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടികുടി ആദിവാസി കോളനി അംഗന്‍വാടിയിലെ അധ്യാപിക ആറാംമൈല്‍ പള്ളത്ത് ഷൈനി ബിജുവാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ വീടണഞ്ഞത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മേഖലയില്‍ ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി നഷ്ടമായതോടെ പുറംലോകവുമായി ബന്ധപ്പെടാനും കഴിയാതായി. ചൊവ്വാഴ്ച പുലര്‍ച്ച ഭര്‍ത്താവ് ബിജു പുഴയുടെ മറുകരയിലെത്തി ഷൈനിയെ കണ്ടതോടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായത്. അംഗന്‍വാടിയിലെ ഹെല്‍പറുടെ കുടിലിൽ കഴിഞ്ഞ ഷൈനി, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരക്ക് പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. കള്ളക്കുട്ടികുടിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് തകർന്നത്. ഇതിനുശേഷം മുളയും ഈറ്റയും കമ്പിയും ഉപയോഗിച്ച് താൽക്കാലിക തൂക്കുപാലം നിര്‍മിച്ചാണ് ആദിവാസികള്‍ പുറംലോകത്ത് എത്തിയിരുന്നത്. കാലപ്പഴക്കത്താല്‍ ഈ പാലവും നശിച്ചതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ടു. മൂന്ന് കിലോമീറ്ററോളം നിബിഡ വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ കോളനിയില്‍ എത്താനാകൂ.
കാട്ടാന ഉള്‍പ്പെടെ വന്യജീവികളുടെ ഭീഷണി അതിജീവിച്ചാണ് എട്ട് കിലോമീറ്റര്‍ അകലെനിന്ന് ഷൈനി അംഗന്‍വാടിയില്‍ ജോലിക്കെത്തുന്നത്. മറ്റ് പാതകളൊന്നും കോളനിയിലേക്കില്ല. പുതിയപാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികാര കേന്ദ്രങ്ങള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മുതുവാന്‍ സമുദായത്തില്‍പ്പെട്ട 28 കുടുംബങ്ങളാണ് താമസിക്കുന്നത്. റീ ബില്‍ഡ് കേരളയില്‍പ്പെടുത്തി പുതിയ പാലം നിര്‍മിക്കാന്‍ 75 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.