തോട്ടങ്ങളില്‍ നിരോധിത കീടനാശിനി പ്രയോഗം വ്യാപകം
text_fieldsഅടിമാലി: തോട്ടം മേഖലയിലെ അമിത കീടനാശിനി പ്രയോഗം ജില്ലയിലെ പുഴകളെയും കൈത്തോടുകളെയും മലിനമാക്കുന്നു. തേയില-ഏലം തോട്ടം മേഖകളിലാണ് നിരോധിത കീടനാശിനികളുടെ അമിതമായ ഉപയോഗം കൂടുതൽ. ഇതോടെ മുതിരപ്പുഴ, നല്ലതണ്ണിയാര്‍, കല്ലാര്‍ തുടങ്ങി പുഴകളും കൈത്തോടുകളും വിഷവാഹിനിയായി. കീടനാശിനി കലര്‍ന്ന വെള്ളം ഉപയോഗിക്കുകവഴി വന്യമൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കുന്നു.
ജില്ലയില്‍ 60,000 ഹെക്ടറിന് മുകളിലാണ് തേയില-ഏലം കൃഷികള്‍ ഉള്ളത്. അർബുദ രോഗത്തിന് കാരണമായ എന്‍ഡോസൾഫാന്‍ പോലുള്ള മാരക കീടനാശിനികളാണ് തോട്ടങ്ങളില്‍ തളിക്കുന്നത്. നിരോധിത കീടനാശിനികള്‍ തമിഴ്നാട്ടില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. തദ്ദേശീയരായ തൊഴിലാളികള്‍ എതിർപ്പ് പ്രകടിപ്പിച്ചതോടെ കീടനാശിനി തളിക്കാൻ അന്തർ സംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തോട്ടം മേഖലയില്‍ കാന്‍സര്‍ രോഗികള്‍ കൂടിവരുകയാണെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.
ജില്ലയില്‍ തോട്ടം മേഖലയില്‍ മാത്രം ആയിരത്തിലേറെ അർബുദ രോഗികള്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അർബുദം ബാധിച്ച് നിരവധി മരണങ്ങളും തോട്ടം മേഖലയിലുണ്ടാകുന്നു. ജലസ്രോതസ്സുകളില്‍ വെള്ളം കുടിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കും കുടിവെള്ളത്തിനായി പുഴയെ ആശ്രയിക്കുവര്ക്കുമെല്ലാം തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം ഭീഷണിയാകുന്നു. തോട്ടങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ പോലും നല്‍കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.