അടിമാലിയിൽ മോഷ്ടാക്കൾ വിലസുന്നു
text_fieldsഅടിമാലി: അടിമാലി പൊലീസ് സ്റ്റേഷഷൻ പരിധിയിൽ മോഷണവും പിടിച്ചുപറിയും വർധിക്കുന്നു. കഴിഞ്ഞ ദിവസം പതിനാലാം മൈലിൽ പുലർച്ച അഞ്ചിന് പള്ളിയിലേക്ക് പോയ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നെങ്കിലും പിന്നീട് മാല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രാത്രിയായതിനാൽ മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പള്ളിയിൽ പ്രാർഥന യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.
ബുധനാഴ്ച രാത്രി വാളറയിൽ സ്പൈസസ് സ്ഥാപനത്തിൽ മോഷണ ശ്രമം നടന്നിരുന്നു. വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് പ്രവേശിച്ചെങ്കിലും മോഷണം വിജയിച്ചില്ല. ഒരു മാസത്തിനിടെ അടിമാലി ടൗണും പരിസരവും കേന്ദ്രീകരിച്ച് ഒരു ഡസനിലേറെ മോഷണങ്ങളാണ് നടന്നത്. ഇതിന് പുറമെ കൃഷിയിടങ്ങളിലും മോഷണം വ്യാപകമാണ്. കുരുമുളക്, ഏലം തുടങ്ങിയ കാർഷിക ഉൽപ്പനങ്ങളും മോഷ്ടിക്കപ്പെടുന്നുണ്ട്. പൊലീസ് നൈറ്റ് പട്രോളിങ് ഉൾപ്പെടെ കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. മൂന്ന് മാസം മുമ്പ് രണ്ട് തവണ ഇരുമ്പുപാലം ടൗണിൽ വ്യാപക മോഷണം നടന്നിരുന്നു. വൈദ്യുതി ബന്ധം തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സമാന രീതിയിൽ മച്ചിപ്ലാവിലും മോഷണം നടത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.