ഇടമലക്കുടിയിൽ എന്നൊരുക്കും അടിസ്ഥാന സൗകര്യം...
text_fieldsഅടിമാലി: റേഷനരി വിതരണം നിലച്ചതും ആദിവാസികള്‍ പട്ടിണിയിലായ സംഭവവും മൂലം അടുത്തിടെ ജില്ലയില്‍ എറ്റവും കൂടുതല്‍ സംസാരവിഷയമായ ഒരു പഞ്ചായത്താണ് ഇടമലക്കുടി. ആദിവാസികള്‍ക്ക് നല്‍കേണ്ട അരി മുക്കിയതടക്കമുള്ള പ്രശ്നമായിരുന്നു മുഖ്യമായും.
ഇതിന് ശേഷം കലക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ മലകയറി ഇടമലക്കുടിയില്‍ എത്തുകയും ചെയ്തു. എന്നാല്‍, ഇടമലക്കുടിയിലേക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ എന്തെന്ന് ആർക്കുമറിയില്ല.
റോഡില്ലാതെ രോഗികളെ ചുമക്കേണ്ടി വരുന്ന കുറത്തിക്കുടിക്കാരുടെ അവസ്ഥ ഇപ്പോഴും ദുരിതമായി തുടരുകയാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ തുണിയും മരക്കമ്പും ഉപയോഗിച്ച് ചുമന്ന് കൊണ്ടുപോകുന്നതുതന്നെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
ഇതിന് പരിഹാരം ഗതാഗത യോഗ്യമായ ഒരു റോഡ് തന്നെ. വര്‍ഷങ്ങളായി തുടരുന്ന റോഡ് നിര്‍മാണം എങ്ങും എത്താതെ നില്ക്കുന്നു. റോഡില്ലെങ്കില്‍ ഒരു സ്ട്രെച്ചറെങ്കിലും തരണം. അതിലെങ്കിലും ഞങ്ങള്‍ക്ക് രോഗികളെ കൊണ്ടുപോകാമല്ലോ എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
ആസ്ഥാനം ഇപ്പോഴും ദേവികുളത്ത്
ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ആസ്ഥാനം ഇടമലക്കുടിയിലേക്ക് മാറ്റണമെന്നതാണ് എല്ലാവരുടെയും ആവശ്യം. എന്തിനാണ് ഈ ആവശ്യത്തോട് അധികൃതര്‍ മുഖംതിരിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് നേതൃത്വം നല്‍കേണ്ടത് പഞ്ചായത്താണ്. സ്വന്തം നാട്ടില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് കാര്യാലയത്തിലെത്തി എന്ത് നേടാനെന്നാണ് ഇവരുടെ ചോദ്യം.
പഞ്ചായത്ത് സെക്രട്ടറിയെയോ ജീവനക്കാരെയോ കാണാത്തവരാണ് കുടിയിലെ ഭൂരിഭാഗം പേരും. മെംബര്‍മാര്‍ പോലും ശരിയാംവണ്ണം പഞ്ചായത്ത് കാര്യാലയം കണ്ടിട്ടില്ല. പിന്നെ നിയമനിര്‍മാണം കാണുമെന്ന ചോദ്യത്തിനും അധികൃതര്‍ക്ക് മറുപടിയില്ല. സ്കൂള്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ നാല് ദിവസം പ്രവര്‍ത്തിക്കും. ആശുപത്രിയുടെ അവസ്ഥയും സമാനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരിഞ്ഞ് നോക്കാത്തതാണ് പ്രശ്നം.
പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങി
റോഡും ശുദ്ധജലവും പ്രഖ്യാപനത്തില്‍ മാത്രമായി ഇപ്പോഴും അവശേഷിക്കുകയാണ്. മരണമോ ആശുപത്രി ആവശ്യങ്ങളോ ഉണ്ടായാല്‍ ഊരിലുള്ളവര്‍ക്ക് പോകാന്‍ റോഡില്ലാത്ത അവസ്ഥ ഇപ്പോഴും തുടരുകയാണ്. പദ്ധതി വേഗത്തില്‍ നടപ്പാക്കി ഊരിലേക്ക് റോഡ് സൗകര്യം ഒരുക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളായിട്ടും പദ്ധതി ഒട്ടും മുന്നോട്ട് പോയില്ല.
ശുദ്ധജലത്തിന് ഇപ്പോഴും ഊരിലുള്ളവര്‍ക്ക് സ്വയം നിര്‍മിച്ച കിണര്‍ മാത്രമാണ് ആശ്വാസമായുള്ളത്. അതും വീട്ടിലേക്ക് ചുമന്ന് കൊണ്ടുവരേണ്ട സാഹചര്യമാണ്. ഏറെ ദൂരം ചുമന്നാണ് കുടുംബങ്ങള്‍ വെള്ളമെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.