കുടിവെള്ളത്തിന് നെട്ടോട്ടം; നോക്കുകുത്തിയായി കുഴല്‍ക്കിണറുകള്‍
text_fieldsഅടിമാലി: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി വേനലും കുടിവെളള ക്ഷാമവും രൂക്ഷമാകുന്നു. എന്നാല്‍ കുടിവെളള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ആക്ഷേപം. മുമ്പൊക്കെ വേനല്‍ ശക്തമാകുമ്പോള്‍ വാഹനങ്ങളിലും മറ്റും കുടിവെളളം എത്തിച്ചിരുന്നെങ്കിലും ഇക്കുറി അതൊന്നും ഉണ്ടായിട്ടില്ല.
ഹൈറേഞ്ച് രൂക്ഷമായ കുടിവെളള ക്ഷാമത്തിലേക്ക് നീങ്ങുബോള്‍ തകരാറിലായ കുഴല്‍ക്കിണറുകള്‍ നന്നാക്കാനും നടപടിയില്ല. ജില്ലയിലെ ഓരോ പഞ്ചായത്തിലും 15 മുതല്‍ 30 വരെ കുഴല്‍ കിണറുകളാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി, കൂമ്പന്‍പാറ, വാളറ മേഖലയില്‍ മാത്രം എട്ട് കുഴല്‍കിണറാണ് ഉപയോഗ്യമല്ലാതെ കിടക്കുന്നത്. ജില്ല ഗ്രൗണ്ട് വാട്ടര്‍ വകുപ്പ് നേരത്തെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് നല്‍കിയിരുന്നു.
എന്നാല്‍ ഇവരും ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൂടുതല്‍ കുഴല്‍ കിണറുകളിലും ഹാൻഡ് പമ്പ് തകരാറിലായതാണ് തടസ്സത്തിന് കാരണം. എന്നാല്‍ ആവശ്യാനുസരണം ഹാന്‍ഡ് പമ്പുകള്‍ ലഭിക്കാത്തതും പ്രശ്നമാണെന്ന് വിവിധ പഞ്ചായത്തധികൃതര്‍ പറയുന്നു. ഹൈറേഞ്ചില്‍ കുടിവെളള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്തുകള്‍ ആദിവാസി കോളനികളിലടക്കം നേരത്തെ വ്യാപകമായി കുഴല്‍ കിണര്‍ നിർമിച്ചത്.
40000 മുതല്‍ ലക്ഷം രൂപ വരെ മുടക്കിലാണ് പലയിടത്തും കുഴല്‍ കിണറുകള്‍ നിർമിച്ചത്. എന്നാല്‍ ജില്ലയില്‍ 10 ശതമാനത്തില്‍ താഴെ കുഴല്‍ കിണറുകളേ പ്രവര്‍ത്തിക്കുന്നുളളൂ. ചെറിയ മുതല്‍മുടക്കില്‍ കുഴല്‍ കിണറുകള്‍ പൂര്‍വ സ്ഥിതിയിലാക്കാമെങ്കിലും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുമുണ്ട്. പഴയ പദ്ധതികളില്‍ പണം മുടക്കിയാല്‍ കമ്മിഷന് ലഭിക്കില്ലെന്നും പുതിയ പദ്ധതികളാണെങ്കില്‍ വന്‍തുക ലഭിക്കുമെന്നതുമാണ് പഴയ ജലപദ്ധതികള്‍ അവഗണിക്കപ്പെട്ട് നശിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.
കുടിനീരിന് ഒന്നരകിലോമീറ്റർ താണ്ടണം
ദേവികുളം: വേനൽ കടുത്തതോടെ ദേവികുളം കോളനിയിലെ നൂറോളം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ ദുരിതത്തിൽ. ഒന്നര കിലോമീറ്റർ ദൂരത്തുള്ള ചതുപ്പിലെ നീരുറവയിൽനിന്ന് വെള്ളം ചുമന്ന് എത്തിച്ചാണ് മാസങ്ങളായി കോളനി നിവാസികൾ വീട്ടാവശ്യങ്ങൾ നടത്തുന്നത്. കിലോമീറ്ററുകൾ ദൂരത്തുള്ള തേയിലത്തോട്ടത്തിലെ നീരുറവകളിൽനിന്ന് ഹോസുകളിട്ടായിരുന്നു കോളനി നിവാസികൾ വീടുകളിൽ വെള്ളമെത്തിച്ചിരുന്നത്.
എന്നാൽ വേനൽ രൂക്ഷമായതോടെ നീരുറവകൾ എല്ലാം ഉണങ്ങി. 1989-’90 കാലഘട്ടത്തിൽ പഞ്ചായത്ത് നെറ്റിക്കുടിയിൽ തടയണ നിർമിച്ച് കോളനിയിലെ സംഭരണിയിൽ വെള്ളമെത്തിച്ച് 15 വർഷം കോളനിയിൽ വിതരണം ചെയ്തിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമൂലം തടയണക്ക് ചോർച്ചയുണ്ടായതോടെ ജലവിതരണം നിലക്കുകയായിരുന്നു. പിന്നീട് കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി 2019 -’20 സാമ്പത്തിക വർഷത്തിൽ പട്ടികജാതി വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഒരു കിലോമീറ്റർ ദൂരത്തുള്ള നെറ്റിക്കുടിയിലെ തടയണ നവീകരിച്ച ശേഷം വെള്ളം പൈപ്പുകൾ വഴി കോളനിയിലെ സംഭരണിയിലെത്തിച്ച് വീടുകളിൽ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ മറ്റു നടപടികൾ സ്വീകരിക്കാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പരാതികളെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഈ പദ്ധതി പുനരുദ്ധരിക്കുന്നതിനുള്ള സാധ്യത തേടി ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ശുദ്ധജല സംവിധാനം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.