അടിമാലി സ്റ്റേഷനിൽ പൊലീസില്ല; എയ്ഡ് പോസ്റ്റുകൾ നിർത്തുന്നു
text_fieldsഅടിമാലി: അടിമാലി സ്റ്റേഷനിലും ട്രാഫിക്ക് യൂനിറ്റിലും ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതിനാൽ ക്രമസമാധാനം കുത്തഴിഞ്ഞു. ജില്ലയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന അടിമാലിയിലാണ് പൊലീസ് ഇല്ലാത്തതിനാൽ ക്രമസമാധാനം താളം തെറ്റിയത്. അടിമാലി താലൂക്കാശുപത്രി, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് എയ്ഡ് പോസ്റ്റുകൾ ഉള്ളത്. പൊലീസ് ഇല്ലാത്തതിനാൽ ഇവ രണ്ടും അടച്ചു. അടിമാലി സ്റ്റേഷനിൽ എസ്.ഐമാർ ഉൾപ്പെടെ എട്ട് തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നു.
36 പൊലീസുകാരുമായി പ്രവർത്തനം തുടങ്ങിയ അടിമാലി ട്രാഫിക്ക് യൂനിറ്റിൽ ഇപ്പോഴുള്ളത് ഒമ്പത് പേർ മാത്രം. ഇവരിൽ ആർക്കെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ലീവ് വന്നാൽ ഡ്യൂട്ടി പോയന്റുകളിൽ ആളില്ലാതാകും . സെൻട്രൽ ജംഗ്ഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഒരു വർഷമായി ഡ്യൂട്ടി ഉണ്ടായിരുന്നത്. ഇതിൽ സ്റ്റാന്റിൽ കുറെ ആഴ്ചകളായി ഡ്യൂട്ടിയില്ല. വല്ലപ്പോഴും എത്തുന്ന എസ്.ഐയുടെ വാഹനം, വൺവേ തെറ്റിച്ച് വരുന്നവരെയും ഹെൽമറ്റ് ഇല്ലാത്തവരെയും പെറ്റി അടിച്ച് വിടൽ മാത്രം. സ്റ്റാന്റിലെ അനധികൃത വാഹന പാർക്കിങ്ങോ ഇതര കുറ്റകൃത്യങ്ങളോ ഇവർ കാണുന്നില്ല. ബസ് സ്റ്റാന്റിലും പരിസരത്തും മോഷണവും അതിക്രമങ്ങളും വ്യാപകമായിട്ടും പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കാൻ നടപടി ഇല്ല.
സമീപ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിനു യാത്രക്കാരുമുണ്ട്. എന്നിട്ടും ഇവിടെ പൊലീസില്ല. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ കൂട്ടം ചേർന്നെത്തുന്നതോടെ സ്റ്റാൻഡ് കേന്ദ്രീകരിച്ചു ലഹരിവസ്തുക്കളുടെ കൈമാറ്റം സജീവമാണെന്ന പരാതിയും ശക്തമാണ്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഉണ്ടായി. ബസ് സ്റ്റാന്റിൽ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരെ കല്ലാർകുട്ടി റൂട്ടിലാണു പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അപകടമോ മറ്റ് അത്യാവശ്യങ്ങളോ ഉണ്ടായാൽ പൊലീസ് എത്താൻ കാത്തിരിക്കേണ്ടി വരും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ അടിമാലിയിൽ കൂടുതൽ പൊലീസിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.