ജനവാസ മേഖലയില്‍ പുലി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു; ജനം ആശങ്കയില്‍
text_fieldsഅടിമാലി: മൂന്നാര്‍, മാങ്കുളം പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു. ഇതോടെ പ്രദേശവാസികൾ ആശങ്കയിലായി. പള്ളിവാസല്‍ പഞ്ചായത്തിലെ രണ്ടാംമൈല്‍, പള്ളിവാസല്‍, ചിത്തിരപുരം, മാങ്കുളം പഞ്ചായത്തിലെ ആറാംമൈല്‍, പെരുമ്പന്‍കുത്ത്, മുനിപ്പാറ തുടങ്ങിയ മേഖലകളിലാണ് പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി രണ്ടാംമൈൽ സ്വദേശികളായ സുരേഷ്കുമാര്‍, രാജേഷ് എന്നിവരുടെ വീടുകളില്‍ പൂട്ടിയിട്ടിരുന്ന വളര്‍ത്തുനായ്ക്കളെ പുലി കൊന്നു തിന്നിരുന്നു. തുടലില്‍ പൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഇവയെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. മാങ്കുളം ആറാംമൈലില്‍ അടക്കാപ്പറമ്പില്‍ ബിജുവിന്റെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. പെരുമ്പന്‍കുത്ത്, മുനിപ്പാറ എന്നിവിടങ്ങളിലും പുലി പതിവായി എത്തുന്നു.
പുലി സി.സി ടി.വി കാമറയില്‍ പതിയുകയും നാട്ടുകാര്‍ രേഖാമൂലം വനംവകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതോടെ പുലിയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ഈ പഞ്ചായത്തുകള്‍ക്ക് പുറമെ മൂന്നാര്‍, ദേവികുളം, വട്ടവട പഞ്ചായത്തുകളിലും പുലിയും കടുവയും ജനങ്ങളുടെ ജീവന് ഭീഷണിയാണ്.
ആറുമാസത്തിനിടെ പത്തിലേറെ പശുക്കളെയും അഞ്ച് ആടുകളെയും 25ഓളം വളര്‍ത്തുനായ്ക്കളെയും പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ, മറയൂര്‍, വട്ടവട, മാങ്കുളം, അടിമാലി പഞ്ചായത്തുകളില്‍ കാട്ടാനകളും വലിയ നാശമാണ് ഉണ്ടാക്കുന്നത്.
ഇതോടൊപ്പം കാട്ടുപോത്തുകളും കുരങ്ങും ജനവാസകേന്ദ്രങ്ങളില്‍ വിലസുന്നതോടെ വലിയ പ്രതിസന്ധി കര്‍ഷകരും നേരിടുന്നു. അടുത്ത നാളില്‍ മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ അടുത്തുവരെ പുലി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.