ടിപ്പറുകളെ പിടിച്ചുകെട്ടാൻ ആരുമില്ലേ...?
text_fieldsഅടിമാലി: വിദ്യാർഥികൾ കൂടുതലായി സഞ്ചരിക്കുന്ന രാവിലെയും വൈകീട്ടും ഏർപ്പെടുത്തിയ നിരോധനം പാലിക്കാതെ നിരത്തുകളിൽ ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ. അമിത വേഗത്തിൽ അപകടകരമായി പായുന്നത് കണ്ടിട്ടും അധികൃതരുടെ അനാസ്ഥ തുടരുന്നു.
സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 10വരെയും വൈകീട്ട് മൂന്ന് മുതൽ 4.30 വരെയുമാണ് ടിപ്പറുകൾക്കു പ്രധാന നിരത്തുകളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
മുമ്പ് ടിപ്പറുകൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ടോറസ് ലോറികളാണ് ലോഡുമായി പായുന്നത്. കാൽനടയായും ഇരുചക്രവാഹനത്തിൽ മക്കളുമായി സ്കൂളിലേക്ക് പോകുന്നവർക്കും അമിതവേഗത്തിൽ പായുന്ന ഇവ അപകട ഭീഷണിയാണ്.
അമിത വേഗത്തിൽ പായുന്ന ടിപ്പർ ലോറികളുടെ കാറ്റടിച്ച് ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
പുലർച്ച നടക്കാൻ ഇറങ്ങുന്നവർക്കും വേഗത്തിൽ പായുന്ന ലോറികൾ ഭീതി വിതക്കുന്നുണ്ട്. ശരിയായ വിധത്തിൽ മൂടാത്തതിനാൽ ചെമ്മണ്ണ് തെറിച്ച് റോഡിലൂടെ പോകുന്നവരുടെ കണ്ണിലും ശരീരത്തും പതിക്കുന്നതായും പരാതിയുണ്ട്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഇടുക്കി, എറണാകുളം ജില്ലയിലെ ഭാഗങ്ങളിൽ റോഡ് വികസനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ഇടങ്ങളിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പായുന്നത്.
24 മണിക്കൂറും പണി നടക്കുന്ന സ്ഥലമുണ്ട്. ടിപ്പർ, ടോറസ് ലോറികളാണ് കൂടുതലും ഉപയോഗിക്കുന്നത്. പടുതയിട്ട് മൂടിവേണം മണ്ണ് പോലുള്ളവ വാഹനത്തിൽ കൊണ്ടുപോകാനെന്ന് നിയമമുണ്ടെങ്കിലും പാലിക്കുന്നില്ല.
എന്നാൽ, മോട്ടോർ വാഹന വകുപ്പോ പൊലീസ് അധികൃതരോ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. കൂടുതൽ ലോഡ് കയറ്റുന്നതിനായി അമിത വേഗത്തിൽ പായുന്ന ടിപ്പറുകളിൽ ചില സമയത്തു ക്ലീനർ ഡ്രൈവിങ് പരിശീലനവും നടത്താറുണ്ടെന്ന ആക്ഷേപവുമുണ്ട്. ലോഡ് എടുക്കുന്നതിനായി പോകുമ്പോൾ ഡ്രൈവർ ക്ഷീണം തീർക്കുന്നതിനിടയാണ് ക്ലീനർമാരുടെ പരിശീലനം. പലപ്പോഴും ‘ദേശീയപാത ജോലി’ എന്ന ബോർഡുവെച്ച് പായുന്ന ലോറികൾ പിടികൂടി പരിശോധിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയാറാകുന്നുമില്ല.
രാവിലെയും വൈകീട്ടും ഏർപ്പെടുത്തിയ നിരോധനം പാലിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.