ആനച്ചാൽ ടൂറിസ്റ്റ് കേന്ദ്രം; ശൗചാലയ മാലിന്യം തള്ളുന്നതും ഇവിടെ
text_fieldsഅടിമാലി: വിനോദസഞ്ചാര രംഗത്ത് അതിവേഗം വളർന്നുവരുന്ന ആനച്ചാൽ പ്രദേശത്ത് ശൗചാലയ മാലിന്യം തള്ളുന്നത് ഹോട്ടലുകൾ തുടരുന്നു. മൂന്നാറിൽ എത്തുന്നവരിൽ അധികവും ആനച്ചാലിലും എത്തുന്നതിനാൽ തിരക്ക് വർധിച്ചതോടെ ഇവിടെ പരിസ്ഥിതി സുരക്ഷ മാനിക്കപ്പെടുന്നില്ല. മേഖലയിൽ മുളച്ചുപൊന്തിയ റിസോർട്ടുകളാണ് ഇതിൽ മുഖ്യ പ്രതികൾ. റിസോർട്ടുകാർ ശൗചാലയ മാലിന്യം പൊതുഇടങ്ങളിൽ തള്ളുന്നത് ആനച്ചാലുകാർക്ക് തലവേദനയായി.
ഞായറാഴ്ച പുലർച്ച ചെങ്കുളം അണക്കെട്ടിന് സമീപം പ്രവർത്തിക്കുന്ന റിസോർട്ട് വൻതോതിൽ ശൗചാലയ മാലിന്യം മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് ചെങ്കുളം അണക്കെട്ടിലേക്ക് തള്ളിയതാണ് ഒടുവിലത്തെ സംഭവം. ഒരുമാസം മുമ്പ് ബാർ പ്രവർത്തിക്കുന്ന റിസോർട്ടിൽനിന്ന് മാലിന്യം റോഡിലേക്ക് ഒഴുക്കിയിരുന്നു.
പഞ്ചായത്ത്-ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഇവിടെ മാലിന്യം സംസ്കരിക്കാൻ മതിയായ സംവിധാനം ഇല്ലെന്ന് കണ്ടെത്തി. ആനച്ചാൽ ടൗണിലും ഈട്ടി സിറ്റിക്ക് പോകുന്ന വഴിയിലുമായാണ് ശൗചാലയ മാലിന്യം ഒഴുകിയത്.
മുതുവാൻ കുടിയിൽ അസഹ്യമായ ദുർഗന്ധം ഉണ്ടായതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ സമീപത്ത് പ്രവർത്തിക്കുന്ന റിസോർട്ടിൽനിന്ന് മാലിന്യം മോട്ടോർ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്.
ഏതാനും മാസം മുമ്പ് മേരിലാൻഡ്, ഈട്ടി സിറ്റി മേഖലയിൽ മൂന്ന് റിസോട്ടുകൾ ചിത്തിരപുരം ഡോബിപാലത്ത് പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയോട് ചേർന്നും പുഴയിൽ മാലിന്യം തള്ളിയത് കണ്ടെത്തിയിരുന്നു. ശക്തമായ നടപടിയില്ലാതെ പിഴ അടച്ച് മാത്രം ഇളവ് നൽകിയതാണ് വീണ്ടും മാലിന്യം തള്ളാൻ കാരണം.
ചെങ്കുളം അണക്കെട്ടിൽ ശൗചാലയ മാലിന്യം തള്ളാൻ ശ്രമിച്ച മൂന്നുപേരെ നേരത്തേ നാട്ടുകാർ പിടികൂടി വെള്ളത്തൂവൽ പൊലീസിന് കൈമാറിയിരുന്നു. വഴിവിളക്കുകളും നിരീക്ഷണ കാമറകളും സ്ഥാപിച്ചാൽ ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കും. പൊലീസ് പട്രോളിങ് ഏർപ്പെടുത്തുകയും വേണം. ചെങ്കുളം അണക്കെട്ടിലെ ജലമാണ് ആയിരക്കണക്കിന് കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ശേഖരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.