തൊട്ടിയാർ ജലവൈദ്യുതി പദ്ധതി വിനയായി; ദയ കാത്ത് ദേവിയാർ കോളനി റോഡ്
text_fieldsഅടിമാലി: റോഡ് നന്നാക്കാൻ ഇനി ആരു വരും എന്ന ചോദ്യമാണ് അടിമാലി പഞ്ചായത്തിലെ ദേവിയാർ കോളനി നിവാസികൾക്കുള്ളത്. രണ്ട് പതിറ്റാണ്ടിലേറെയായി തകർന്ന് കിടക്കുന്ന പത്താംമൈൽ-ദേവിയാർ കോളനി റോഡിലൂടെയുള്ള യാത്ര അത്ര കഠിനമാണ്. തൊട്ടിയാർ ജലവൈദ്യുതി പദ്ധതി വന്നതോടെയാണ് ഈ റോഡിന്റെ ശനിദശ തുടങ്ങുന്നത്. പഞ്ചായത്തിൽനിന്ന് റോഡ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തു. ടാറിങ് ഉൾപ്പെടെ നടത്തി റോഡ് സംരക്ഷിക്കുമെന്നും അറിയിച്ചിരുന്നു. പത്താംമൈലില്‍നിന്ന് തുടങ്ങി തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ടണല്‍ മുഖത്തേക്ക് എത്തുന്ന മൂന്ന് കിലോ മീറ്റർ റോഡാണ് വൈദ്യുതി വകുപ്പ് ഏറ്റെടുത്തിരുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ വൈദ്യുതി മന്ത്രി എ.കെ. ബാലന് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തിയിരുന്നു. ഇതോടെ പഞ്ചായത്ത് റോഡിന്റെ അവകാശം വൈദ്യുതി ബോര്‍ഡിന് കൈമാറി. എന്നാല്‍, പിന്നീട് റോഡിന്റെ വികസനത്തില്‍നിന്ന് ബോര്‍ഡ് പിന്നാക്കം പോയി. തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പത്താംമൈലിലെ ടാക്സി ഓട്ടോ തൊഴിലാളികള്‍ പ്രക്ഷോഭവുമായി മുന്നോട്ട് വന്നു. അന്ന് റോഡിലെ കുഴിയടക്കാന്‍ ബോര്‍ഡ് തയാറായി. മികച്ച രീതിയില്‍ റോഡ് ഉടന്‍ നന്നാക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പ്രഖ്യാപനവും നടത്തിയിരുന്നു.
എന്നാല്‍, പിന്നീടും റോഡിനെ അവഗണിക്കുന്ന സമീപനമാണ് ഉണ്ടായത്. കുണ്ടും കുഴിയും വന്‍ ഗര്ത്തങ്ങളുമായി കിടക്കുന്ന റോഡില്‍ ഇപ്പോള്‍ കാല്‍നട യാത്രപോലും ദുസ്സഹമാണ്. പത്താംമൈലില്‍നിന്നും മൂന്ന് കീലോമീറ്റര്‍ ദൈർഘ്യമുള്ള റോഡിൽ തകരാത്ത സ്ഥലമില്ല. ദേവിയാര്‍ പുഴക്ക് കുറുകെയുള്ള പാലം മുതല്‍ തകര്‍ന്ന് കിടക്കുന്ന റോഡില്‍ പലയിടങ്ങളിലും വന്‍കുഴികളാണ്. മഴപെയ്താല്ചളിവെള്ളം തളംകെട്ടി കിടക്കും.
ദേവിയാര്‍ കോളനി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ഈ റോഡിനെ ആശ്രയിക്കണം. പലയിടങ്ങളിലും റോഡിലെ കാന നികന്ന നിലയിലാണ്. ഇത് മഴപെയ്താല്‍ വെള്ളക്കെട്ടിനും കാരണമാകുന്നു. 2022 ലെ മഴക്കാലത്ത് ദേവിയാര്‍ കോളനിയില്‍ നിരവധി വീടുകളില്‍ ഈ കാരണത്താല്‍ വെള്ളം കയറി. വലിയ കാര്‍ഷിക നഷ്ടം ഉണ്ടാവുകയും ചെയ്തു. റോഡിന്റെ മോശം അവസ്ഥ മൂലം ടാക്സി ഓട്ടോകള്‍ ഇതുവഴി വരുന്നതിന് മടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.