ഡിസംബറിലെ പുലർകാല തണുപ്പ് തേടി ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു
text_fieldsഅടിമാലി (ഇടുക്കി): കോവിഡ് ഭീതി മാറ്റിവെച്ച് ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഡിസംബറിലെ പുലർകാല തണുപ്പ് തേടിയാണ് കൂടുതല്‍പേരും എത്തുന്നത്. മൂന്നാര്‍, സൂര്യനെല്ലി, ദേവികുളം, വട്ടവട, ആനക്കുളം, മാട്ടുപ്പെട്ടി, വാളറ, ഇരവികുളം, മറയൂര്‍, വാഗമൺ തുടങ്ങി എല്ലാ മേഖലയിലും സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു.
ക്രിസ്മസ്-പുതുവത്സര സീസണ് അടുത്തുവരുന്നത് അന്യദേശ സഞ്ചാരികള്‍ റിസോര്‍ട്ടുകളും മറ്റും ബുക്ക് ചെയ്യുന്നത് പ്രതീക്ഷയോടെയാണ് ഹൈറേഞ്ചുകാര്‍ കാണുന്നത്. അടഞ്ഞുകിടന്ന ഹോം സ്റ്റേകളും റിസോര്‍ട്ടുകളും പതിയെ ഉണര്ന്നുവരുന്നതിെൻറ ലക്ഷണവും കാണുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ വലിയ തിരക്കാണ് ടൂറിസ്റ്റ് പോയൻറുകളില്‍ കണ്ടത്. കോവിഡ് ആശങ്കയിൽ നിലച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളെത്തുന്നുണ്ട്.
എന്നാല്‍, തമിഴ്നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് നിബന്ധന വീണ്ടും കൊണ്ടുവന്നത് ആശങ്കയോടെയാണ് ജില്ല കാണുന്നത്. നാട്ടിന്പുറങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ജില്ലയിലെ പ്രധാന ടൂറിസം സങ്കേതങ്ങളിലെല്ലാം സഞ്ചാരികള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. മഴമാറി വൈകുന്നേരങ്ങളിലും രാത്രിയിലും പുലര്കാലത്തുമെല്ലാം തണുപ്പ് തുടങ്ങിയത് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയും ഇടവിടാതെ വാഹനങ്ങളില്‍ സഞ്ചാരി പ്രവാഹമായിരുന്നു ശനിയാഴ്ച. അതേസമയം, വന്യജീവികളെ കാണാനെത്തിയവരില്‍ മഹാഭൂരിപക്ഷവും നിരാശരായി.
അപൂര്‍വയിനം ചെടികളുടെയും ഓര്ക്കിഡുകളുടെയുമെല്ലാം കലവറയാണ് ഷോല നാഷനല്‍ പാര്‍ക്ക്. പ്രകൃതി ഭംഗിക്കും ആസ്വാദ്യമായ കാലാവസ്ഥക്കും ഒപ്പം തമിഴ്നാട്ടില്‍നിന്ന് എളുപ്പത്തില്‍ എത്തിപ്പെടാനുള്ള സൗകര്യവും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നതാണ്. സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കുടുംബസമ്മേതം എത്തുന്നവരുമുണ്ട്. ബൈക്കുകളില്‍ എത്തുന്ന യുവാക്കളും കുറവല്ല. എന്നാല്‍, ഹോട്ടലുകളിലും വാണിജ്യ സ്ഥാപനങ്ങളിലും തിരക്ക് കൂടുന്നില്ല. ഭക്ഷണവും മറ്റുമായി എത്തുന്നവര്‍ രാത്രിയോടെ മടങ്ങുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.