വികസനം അന്യമായ ആനച്ചാൽ
text_fieldsഅടിമാലി: രണ്ട് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നതും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമായി വളർന്ന ആനച്ചാലിന് പറയാനുള്ളത് അവഗണയുടെ കഥകൾ മാത്രം. ഇരുട്ടുകാനം-ബൈസൺവാലി റോഡിന്റെ ഒരു ഭാഗം വെള്ളത്തൂവൽ പഞ്ചായത്തും മറുഭാഗം പള്ളിവാസൽ പഞ്ചായത്തുമാണ്. അതിർത്തി പട്ടണമായതിനാൽ വികസനം ആനച്ചാലിന് അന്യമായി എന്നുവേണം പറയാൻ. കുടിവെള്ള വിതരണം, അടിസ്ഥാന സൗകര്യവികസനം, ഗതാഗത തടസ്സം തുടങ്ങി മറ്റൊരു പട്ടണത്തിനും പറയാനില്ലാത്ത പ്രശ്നങ്ങൾ ആനച്ചാലിനെ വലക്കുന്നു. മൂന്നാറിലേക്ക് സന്ദർശനത്തിനെത്തുന്ന സഞ്ചാരികളിൽ ഏറിയപങ്കും ഇപ്പോൾ ആനച്ചാലിൽ എത്താതെ മടങ്ങില്ല. അത്രകണ്ട് ആനച്ചാൽ വളർന്നു.
40ലേറെ റിസോർട്ടുകൾ ഹോം സ്റ്റേകളും കോട്ടേജുകളുമായി നൂറിലധികം സ്ഥാപനങ്ങളുള്ള ആനച്ചാലിൽ ഒരു ദേശസാത്കൃത ബാങ്ക് ഇല്ലാത്തത് തന്നെ ഏറ്റവും വലിയ വെല്ലുവിളി. രണ്ട് പാർക്കും പെട്രോൾ പമ്പും ബോട്ടിങ് സൗകര്യവും ചെങ്കുളം അണക്കെട്ടും ആനച്ചാലിനെ വിനോദസഞ്ചാരികൾ നെഞ്ചിലേറ്റാൻ മുഖ്യകാരണം. മാലിന്യസംസ്കരണവും ഏറെ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്.
പൊതു കംഫർട്ട് സ്റ്റേഷൻ ഉണ്ടെങ്കിലും ആമക്കണ്ടം പാതയിൽ അരകിലോമീറ്റർ മാറിയായതിനാൽ അതിന്റെ പ്രയോജനം ജനങ്ങൾക്കില്ല. പദ്ധതികൾ പാതിവഴിയിൽ മുടങ്ങുന്നതും പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പാക്കാത്തതുമാണ് നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തടസ്സമാകുന്നത്. ചികിത്സ സൗകര്യം ഇല്ലാത്തതാണ് ആനച്ചാൽ നേരിടുന്ന മറ്റൊരു വെല്ലുവിളി. ചിത്തിരപുരത്ത് സർക്കാറിന്റെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഉണ്ടെങ്കിലും അതിന്റെ പ്രയോജനം ആനച്ചാലിനില്ല. അടിയന്തര ഘട്ടങ്ങളിൽ അടിമാലി താലൂക്ക് ആശുപത്രിയെ ആശ്രയിക്കണം.
ആനച്ചാലിൽ ഒരു ആശുപത്രി വേണമെന്നാണ് ഇവിടത്തുകാരുടെ മുഖ്യമായ ആവശ്യം. ചെറിയ അസുഖങ്ങൾക്കുപോലും 15 മുതൽ 25 കിലോമീറ്റർ യാത്ര ചെയ്യണം. രാത്രിയിൽ അസുഖം വന്നാലോ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലോ കൃത്യമായ ചികിത്സ കിട്ടാതെ അപകടം സംഭവിച്ചവരും ആനച്ചാലിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണ്ടതുണ്ട്.
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.