അടിമാലിയിൽ ഗതാഗതം കുത്തഴിഞ്ഞു
text_fieldsഅടിമാലി: വാണിജ്യ കേന്ദ്രമായ അടിമാലി പട്ടണത്തിലെ അനധികൃത പാർക്കിങ് ദുരിതമാകുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വാഹനങ്ങൾ ടൗണിൽ നിറയുന്നതിനാൽ കാൽ നടക്കാർക്ക് ഏങ്ങും നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കാരണം കടയുടമകൾക്കും ദുരിതമാണ്. കാലത്ത് ഉടമകൾ എത്തുന്നതിനു മുമ്പു തന്നെ തന്നെ കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റും പോകുന്നത് പതിവാണ്. ഇതു കാരണം കടക്കാരും സാധനം വാങ്ങാൻ എത്തുന്നവരും അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. ഉപഭോക്താക്കൾ കടയിൽ കയറാൻ സാധിക്കാതെ മടങ്ങിപ്പോകുന്നത് പതിവാണ്.
സ്വകാര്യ ബസുകാർ കെ.എസ്.ആർ.ടി.സിയെ ഒതുക്കാൻ വേലികൾ തീർത്തപ്പോൾ വെയ്റ്റിങ് ഷെഡിന് മുന്നിൽ സ്ഥലപരിമിതി വന്നു. സർവ്വീസ് ബസുകളിൽ നിന്ന് ഈ പരിമിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുന്നതും ബൈക്ക് , കാർ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട് പോവുക കൂടി ചെയ്യുന്നതോടെ വെയ്റ്റിങ് ഷെഡിലേക്ക് യാത്രക്കാർക്ക് എത്താൻ കഴിയില്ല. ഇതോടെ ഉയർന്ന തുക വാടക നൽകി കച്ചവടം നടത്തുന്നവർക്ക് വെറുതെ ഇരിക്കേണ്ടി വരുന്നു. പാർക്കിങ് കാരണം വാക്കേറ്റവും പതിവാണ്. പ്രയാസമുണ്ടാക്കുംവിധം വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ നടപടി വേണമെന്നാണ് കടയുടമകളുടെ ആവശ്യം. ബസ്റ്റാന്റിൽ പൊലീസ് ഡ്യൂട്ടി ഉണ്ടെങ്കിലും അനധികൃത വാഹനങ്ങൾക്ക് എതിരെ നടപടിയില്ല.
ഹിൽഫോർട്ട് ജങ്ഷൻ
വിനോദ സഞ്ചാരികളുടെ അടക്കം വാഹനങ്ങൾ ധാരാളമെത്തുന്ന സ്ഥലവും ബസ്റ്റാന്റിന്റെ കവാടവുമാണ് ഹിൽഫോർട്ട് ജങ്ഷൻ . ഇവിടെ പ്രധാന പ്രശ്നം സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും നിർത്തിയിടുന്നതാണ്. നിത്യവും അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഇവിടെ സ്വകാര്യ ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കരുതെന്ന ആവശ്യത്തിന് പരിഹാരമില്ല. വൺ വേ വി.ടി ജങ്ഷനിലേക്ക് മാറ്റിയാൽ ഈ പ്രശ്നം പരിഹരിക്കാം.
കല്ലാർകുട്ടി റോഡിലും പ്രശ്നം ഗുരുതരം
അടിമാലി പട്ടണത്തിൽ ഏറ്റവും കൂടുതൽ തിരക്ക് കല്ലാർ കുട്ടി റോഡിലാണ്. സ്കൂളുകൾക്കും കോളജുകൾക്കും പുറമെ സർക്കാർ ഓഫീസുകളും ഈ പാതയിലാണ്. ഇവിടെ തിരക്ക് നിയന്ത്രിക്കാൻ സ്കൂൾ സമയങ്ങളിൽ ചരക്ക് വാഹനങ്ങളിൽ ചരക്ക് കയറ്റുന്നതിനും ഇറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയോന്നും പാലിക്കപ്പെടുന്നില്ല . താലൂക്കാശുപത്രി വികസന പ്രവർത്തനം നടക്കുന്നതിനാൽ ഇവിടെ കാൽ നടയാത്രക്കാരുടെ സൗകര്യം ഇല്ലാതായി. ഇത് വാഹനങ്ങൾ ചീറിപ്പായുന്ന സ്ഥലങ്ങളിലൂടെ കാൽ നടക്കാർ സഞ്ചരിക്കണം. ഇത് അപകട സാധ്യത കൂടുതലാക്കി.
ലൈബ്രറി റോഡിൽ വൺവേ അട്ടിമറിച്ചു
വൺവേ നിലവിലുള്ള ലൈബ്രറി റോഡിലും അസാതാരണ തിരക്കാണ്. വൺ വേ പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. ഇവിടെ വൺവേ നടപ്പാക്കാൻ പൊലീസ് എത്തുന്നില്ല . ഒരു വാഹനത്തിന് മാത്രം കടന്നു പോകാനെ ഇവിടെ സൗകര്യമുള്ളു. ജില്ലയിൽ പ്രധാന പട്ടമായ അടിമാലിയിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാർ കുറവാണ്. ട്രാഫിക്ക് യൂണിറ്റിൽ പത്തിൽ താഴെ പൊലീസുകാർ മാത്രമാണുള്ളത്. ഇതോടെ സെൻട്രൽ ജങ്ഷൻ , ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ മാത്രം ഡ്യൂട്ടി പരിമിതപ്പെടുത്തി. ഇതോടെ അമ്പലപ്പടി, ഹിൽഫോർട്ട് ജങ്ഷൻ, ലൈബ്രറി റോഡ്, മന്നാങ്കാല ജങ്ഷൻ , മൂന്നാർ റോഡ് എന്നിവിടങ്ങളിൽ ട്രാഫിക്ക് ഡ്യൂട്ടി ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.