ഇവിടത്തെ കുരുക്കാണ് കുരുക്ക്; ഗതാഗതക്കുരുക്കിൽ വലഞ്ഞ് അടിമാലി
text_fieldsഅടിമാലി ബസ് സ്റ്റാൻഡിൽ ബൈക്കുകളും കാറുകളും അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നു
അടിമാലി: ഒരുതവണയെങ്കിലും അടിമാലി ടൗണിൽ പോയിട്ടുള്ളവർക്കറിയാം ഇവിടത്തെ ഗതാഗതക്കുരുക്കിന്റെ കാഠിന്യം. കുരുക്കിൽപെട്ട് വട്ടംകറങ്ങുമ്പോൾ അറിയാതെ പറഞ്ഞുപോകും ആരുമില്ലേ ഈ കുരുക്ക് ഒന്നഴിക്കാനെന്ന്. അത്രയും മോശമാണ് അടിമാലിയിലെ അവസ്ഥ.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് കമ്മിറ്റി വിളിക്കുമെന്ന് പറയുന്നതല്ലാതെ പഞ്ചായത്തിൽനിന്ന് ഒരു അനക്കവും ഇതുവരെ ഉണ്ടായിട്ടില്ല. അടിമാലി ബസ് സ്റ്റാൻഡിലും ഹിൽഫോർട്ട് ജങ്ഷനിലുമാണ് സ്ഥിതി ഏറെ ഗുരുതരം. ബസ് സ്റ്റാൻഡിൽ ബൈക്കുകളും സ്വകാര്യ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നതോടെ ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാൻ തന്നെ ഏറെ പ്രയാസം. കെ.എസ്.ആർ.ടി.സിയെ ഒതുക്കാൻ ഓരോരോ പരിഷ്കാരങ്ങൾ സ്വകാര്യ ബസ് മുതലാളിമാർ നടപ്പാക്കുമ്പോൾ വലയുന്നത് യാത്രക്കാരാണ്.
അതുപോലെ ബസ് സ്റ്റാൻഡിന്റെ കവാടമായ ഹിൽഫോർട്ട് ജങ്ഷനിൽ ജാഗ്രതയോടെ നിന്നില്ലെങ്കിൽ ജീവൻപോലും നഷ്ടമായേക്കാം എന്ന അവസ്ഥയാണ്. വലിയ വാഹന തിരക്കും അമിത വേഗവും തന്നെ കാരണം.
സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് കയറി വരുന്ന വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് യാത്രക്കാരെ വിളിക്കുന്നതും സമയത്തെച്ചൊല്ലി കലഹിക്കുന്നതും കൈയാങ്കളിയുമൊക്കെ ഇവിടെയാണ്. ബസ് സ്റ്റാൻഡിൽ നിന്നുള്ള വൺവേ പരിഷ്കരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ബസ് സ്റ്റാൻഡിൽ ട്രാഫിക് പൊലീസ് ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഇവർ കാര്യമായി ഇടപെടുന്നിലെന്നാണ് ആക്ഷേപം. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ പൊലീസുകാർ ഒന്നുകിൽ അടുത്തുള്ള കടകളിലിരുന്ന് സമയം കളയുന്നു. അല്ലെങ്കിൽ മൊബൈൽ ചാറ്റിങ്ങിലായിരിക്കും.
മൂന്ന് റോഡുകളിൽനിന്ന് ഒരേസമയം നൂറുകണക്കിനു വാഹനങ്ങൾ വന്നുകയറുന്ന സെൻട്രൽ ജങ്ഷനിൽപോലും ട്രാഫിക് പൊലീസ് ഇല്ല. പൊലീസുകാരുടെ എണ്ണം കുറവായതാണ് കാരണമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറയുന്നു. എസ്.ഐ ഉൾപ്പെടെ 10ൽ താഴെ പൊലീസുകാർ മാത്രമാണ് ഉള്ളത്. രണ്ട് ഷിഫ്റ്റുകളിലായി രണ്ട് പോയന്റിൽ നാല് പേർക്ക് ഡ്യൂട്ടി നൽകാൻതന്നെ പൊലീസില്ലാത്ത അവസ്ഥ ഇവിടെ മാത്രമേ കാണൂ. 38 ഉദ്യോഗസ്ഥരുമായി തുടങ്ങിയ ട്രാഫിക് പൊലീസ് സ്റ്റേഷന്റെ അവസ്ഥയാണ് ഇത്.
ജില്ല പൊലീസ് മേധാവിയുടെ താൽപര്യക്കുറവാണ് ഇതിന് കാരണമെന്ന് ഉന്നത പൊലീസ് അധികൃതർ തന്നെ പറയുന്നു. ആവശ്യത്തിന് പൊലീസ് സേനയെ നിയമിക്കുകയും അടിമാലിയിൽ ട്രാഫിക് യോഗം ചേർന്ന് നിയമം നടപ്പാക്കുകയും വേണം. കല്ലാർകുട്ടി റോഡിൽ വലിയ ഗതാഗത പ്രശ്നമാണ് ഉള്ളത്. ലൈബ്രറി റോഡിലും ഗതാഗത പ്രശ്നം അതിരൂക്ഷമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.