കുരുക്കഴിയാതെ അടിമാലി ടൗൺ; ഗതാഗതം കുത്തഴിഞ്ഞ നിലയിൽ
text_fieldsഅടിമാലി: വാണിജ്യ കേന്ദ്രമായ അടിമാലിയിൽ ഗതാഗതം കുത്തഴിഞ്ഞ നിലയിൽ. ട്രാഫിക് പൊലീസ് ഇല്ലാത്തതാണ് മുഖ്യ കാരണമെന്ന ആക്ഷേപം ശക്തമാണ്.
സെൻട്രൽ ജങ്ഷനിലടക്കം സ്ഥിതി അതിഗുരുതരമാണെന്ന് പ്രദേശവാസികൾ പറയുന്നു. കൊച്ചി- ധനുഷ്കോടി, അടിമാലി- കുമളി ദേശീയപാതകൾ സംഗമിക്കുന്ന അടിമാലി സെൻട്രൽ ജങ്ഷൻ മുതൽ കല്ലാർകുട്ടി റോഡിൽ പാൽക്കോ പെട്രോൾ പമ്പ് വരെയും അടിമാലി അമ്പലപ്പടി മുതൽ ഗവ. ഹൈസ്കൂൾ ജങ്ഷൻ വരെയും ഗുരുതര ഗതാഗത പ്രശ്നങ്ങളാണ്.
ടാക്സി, ഓട്ടോ ഉൾപ്പെടെ വാഹനങ്ങളുടെ കടന്നുകയറ്റമാണ് വലിയ വെല്ലുവിളി. കൂടാതെ വ്യാപാരികളുടെ വാഹനങ്ങളും റോഡ് കൈയടക്കുന്നു. ഇതോടെ, രാവിലെ മുതൽ ടൗണിൽ വാഹനങ്ങൾ നിറഞ്ഞ് കവിയും.
ഇതിന് പുറമെ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരുടെയും വിനോദസഞ്ചാരികളുടെയും വാഹനങ്ങൾ കൂടിയാകുമ്പോൾ നടപ്പാതകളടക്കം വീർപ്പുമുട്ടും. യാത്രക്കാരെ കയറ്റാൻ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകളുടെ മത്സരംകൂടി ആകുമ്പോൾ കാൽനടക്കാർ ശരിക്കും പെരുവഴിയിലാകും. ബസ്സ്റ്റാൻഡ് കവാടമായ ഹിൽ ഫോർട്ട് ജങ്ഷനിൽ തിരക്കും അപകടങ്ങളും പതിവാണ്.
സർവിസ് ബസുകൾ എല്ലാ സമയത്തും യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നതാണ് പ്രശ്നം. ഇവിടെ ബസ് നിർത്തിയിടുന്നതും ആളുകളെ വിളിച്ചുകയറ്റുന്നതും ജീവനക്കാർ തമ്മിലെ സംഘട്ടനത്തിനും കാരണമാകുന്നു.
ബസ്സ്റ്റാൻഡിലെ വൺവേ മാറ്റിയാൽ ഇതിന് പരിഹാരമാകും. കല്ലാർകുട്ടി റോഡിലെ കയറ്റിറക്ക് പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്. ബസ്സ്റ്റാൻഡിൽ പൊലീസ് ഡ്യൂട്ടി നിലച്ചതിനാൽ സമാന്തര ഓട്ടോ സർവിസും അനധികൃത പാർക്കിങ്ങും വീണ്ടും തലപൊക്കിയിട്ടുണ്ട്. 10 പേർ മാത്രമാണ് അടിമാലി ട്രാഫിക് യൂനിറ്റിൽ ഉള്ളത്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രാഫിക് ഉപദേശകസമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് വ്യാപരി വ്യവസായി സമിതി അടിമാലി യൂനിറ്റ് പഞ്ചായത്തിന് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.