നേര്യമംഗലം പാലത്തിൽ ഗതാഗത തടസ്സം; ഹൈറേഞ്ച് യാത്രക്കാർ വലയുന്നു
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം പാലത്തിലെ ഗതാഗത തടസ്സം ഹൈറേഞ്ച് യാത്രികരെ വലക്കുന്നതായി പരാതി. ഒരു വാഹനത്തിന് മാത്രം കടന്നു പോകാന്‍ സൗകര്യമുളള ഈ പാലത്തില്‍ ഇരു ഭാഗത്ത് നിന്നും വലിയ വാഹനങ്ങള്‍ അലക്ഷ്യമായി കയറുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ലക്ഷങ്ങള്‍ മുടക്കി പാലത്തിന്റെ ഇരു കരകളിലും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല.
മൂന്നാര്‍ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടമായതിനാല്‍ ജില്ലയില്‍ ഏറ്റവും തിരക്കനുഭവപ്പെടുന്ന പ്രധാന പാതയാണ് ഇത്. ഇടുക്കി-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും ഹൈറേഞ്ചിന്റെ പ്രവേശനകവാടവുമായ നേര്യമംഗലം പാലത്തില്‍ അതിര്‍ത്തി പ്രശ്നത്തിന്റെ പേരില്‍ പൊലീസും ഗതാഗതം നിയന്ത്രിക്കാന്‍ വൈമനസ്യം കാണിക്കുന്നു. ഒരു വശം ഊന്നുകല്‍ പൊലീസും മറു വശം അടിമാലി പൊലീസും നിയന്ത്രിക്കണം.
ഒരു വലിയ വാഹനത്തിനും ചെറിയ കാറുകള്‍ക്കും ഒരേ സമയം കടന്ന് പോകാനുള്ള വീതിയാണ് പാലത്തിനുള്ളത്. പലപ്പോഴും ഇത് അറിയാതെ ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ പാലത്തിന്റെ ഇരു കരകളും ഒരേ സമയം കയറും.ഇതാണ് വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നത്. പാലത്തിന്റെ വീതി സംബന്ധിച്ച് വഡ്രൈവര്മാര്ക്കുള്ള അജ്ഞതയും പ്രശ്നമാണ്.
1935ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പാലം നിർമിച്ചത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് പാലം കൂടിയാണ്. പെരിയാര്‍ നദിക്ക് കുറുകെയുളള പാലത്തിന് പുഴയില്‍ നിന്ന് 200 അടി ഉയരമുണ്ട്. 214 മീറ്റര്‍ നീളവും 4.9 മീറ്റര്‍ വീതിയുമാണുള്ളത്. ഇവിടെ പുതിയ പാലത്തിന് ദേശീയപാത അധികൃതര്‍ ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പാലം നിർമാണം ആരംഭിക്കുന്നതിന് വലിയ താമസം നേരിടുകയാണ്. അടിയന്തിരമായി ഈ പ്രശ്നം പരിഹരിച്ച് പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.