കൈവരിയില്ല, മതിയായ വീതിയില്ല; പാലത്തിലൂടെ യാത്ര ജീവൻ കൈയിൽ പിടിച്ച്
text_fieldsദേവിയാർ പുഴക്ക് കുറുകെയുള്ള അപകടാവസ്ഥയിലായ പാലം
അടിമാലി: പത്താം മൈൽ ലക്ഷം വീട് കോളനി, ഇരുപത് സെന്റ് കോളനി പ്രദേശവാസികളുടെ ഏക ആശ്രയമായ പാലം അപകടാവസ്ഥയിൽ. ലക്ഷം വീട് കോളനിയെയും പീതാംബരൻ ജങ്ഷനെയും ബന്ധിപ്പിക്കുന്ന പാലമാണ് അധികൃതരുടെ അനാസ്ഥയിൽ അവഗണനയിലായത്.
കൈവരിയില്ലാതെയും മതിയായ വീതിയില്ലാതെയും രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച പാലത്തിന് അറ്റകുറ്റപ്പണി പോലും ചെയ്തിട്ടില്ല. ദേവിയാർ പുഴക്ക് കുറുകെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ജനങ്ങൾക്ക് പുറംനാട്ടിലേക്ക് വരാനുള്ള പ്രധാന മാർഗവുമാണിത്. ശക്തമായ മഴ പെയ്താൽ പാലം മുങ്ങും. അപ്രോച്ച് റോഡ് തകരുകയും ചെയ്യും. കുട്ടികളെ സ്കൂളിൽ വിടുന്നതും തൊഴിലിന് പോകുന്നതും വരുന്നതുമെല്ലാം ഈ പാലത്തിലൂടെയാണ്. കുത്തനെയുള്ള കയറ്റം കയറിയാലേ ദേശീയപാതയിൽ എത്താനും കഴിയൂ. വാഹനങ്ങൾ ഇതിലൂടെ ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടസാധ്യത ഏറെയാണ്. ചെറിയ അശ്രദ്ധ ദുരന്തത്തിന് പോലും കാരണമാകും.
നിലവിൽ ദേശീയ പാത രണ്ടുവരിയായി നവീകരിക്കുകയാണ്. ഇതോടെ ഈ പാലത്തിലേക്കുള്ള ഇറക്കം കൂടുതൽ കഠിനമാകും. അതുപോലെ സംരക്ഷണ ഭിത്തി കാലപ്പഴക്കത്താൽ അപകടാവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ പാലം ദേശീയപാതയുമായി ബന്ധിപ്പിച്ച് ഉയർത്തി നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ മുറവിളിയും അധികൃതർ ചെവിക്കൊള്ളുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.