നഗര സൗന്ദര്യവത്കരണം വിജയംകണ്ടില്ല; പഞ്ചായത്തിന് നഷ്ടം ലക്ഷങ്ങള്‍
text_fieldsഅടിമാലി: അടിമാലി നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയും പൂന്തോട്ടം പദ്ധതിയും വിജയംകണ്ടില്ല. നടപ്പാക്കിയ ഇനത്തില്‍ പഞ്ചായത്തിന് നഷ്ടമായത് ലക്ഷങ്ങള്‍. പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയ ശേഷം കൊട്ടിഗ്ഘോഷിച്ച് നടപ്പാക്കിയ ആദ്യ പദ്ധതിയാണ് അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയുംമൂലം പരാജയപ്പെട്ടത്.
പൈപ്പുകള്‍ സ്ഥാപിക്കാൻ രണ്ട് ഘട്ടങ്ങളിലായി 7.5 ലക്ഷവും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാൻ ഏഴുലക്ഷവും മുടക്കിയ പദ്ധതിയാണ് പരാജയപ്പെട്ടത്. പൈപ്പില്‍ മാലിന്യ നിക്ഷേപ ബോക്സും അതിന് മുകളില്‍ ചെടിച്ചട്ടിയും സ്ഥാപിച്ച ശേഷമാണ് ചെടികള്‍ വെച്ചുപിടിപ്പിച്ചത്. ചെടിച്ചട്ടിയും ചെടിയും പൂർണമായി നശിച്ചു. മാലിന്യം നീക്കംചെയ്യാത്തതിനാല്‍ ടൗണില്‍ പലയിടത്തും ശാപമായി മാലിന്യ ബിന്നുകൾ നിലകൊള്ളുന്നു.
വലിയ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച ശേഷം സോളാര്‍ വഴിവിളക്കും ഇതില്‍ പിടിപ്പിച്ചിരുന്നു. തുടക്കത്തില്‍ ആറുമാസം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോയെങ്കിലും പിന്നീട് ശ്രദ്ധ ഇല്ലാതായതോടെ ഇവ നാശത്തില്‍ എത്തുകയായിരുന്നു. ടൗണില്‍ 150ലേറെ ഇടങ്ങളിലാണ് ഇത്തരത്തില്‍ ഇരുമ്പ് തൂണും ചെടിച്ചട്ടിയും വഴിവിളക്കും സ്ഥാപിച്ചത്.
റോഡരികിൽ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളും പരസ്യ ബോര്‍ഡുകളും എടുത്ത് മാറ്റണമെന്ന് കോടതി വിധി വന്നിരുന്നു. ഇതിന് ശേഷമാണ് പഞ്ചായത്ത് വൈദ്യുതി ലൈനുകളുടെ അടിയില്‍ ഉള്‍പ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യ നിക്ഷേപ ബോക്സും ചെടിയും സ്ഥാപിച്ചത്. പഞ്ചായത്തിന്റെ തനത് പണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. കല്ലാര്‍കുട്ടി റോഡില്‍ കോളജ് കുന്ന് ഭാഗത്തും ദേശീയപാതയില്‍ പോറ്റാസ് പടിയിലും വന്‍തുക മുടക്കി പൂന്തോട്ടം ഒരുക്കുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു.
ഇതും പണം നഷ്ടപ്പെട്ട പദ്ധതിയായി. പൂന്തോട്ട പദ്ധതി തൊഴിലുറപ്പ് പദ്ധതിയിലാണ് നടപ്പാക്കിയത്. ഇതോടെ വാര്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ വലിയ നഷ്ടവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.