പച്ചക്കറി വില കുതിക്കുന്നു; കിറ്റ് വിൽപന പലയിടത്തും നിർത്തി
text_fieldsഅടിമാലി: ചിക്കനും ബീഫിനും പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു. തക്കാളി, പച്ചമുളക്, കോളിഫ്ലവർ, മുരിങ്ങ തുടങ്ങിയവ തൊട്ടാൽ കൈപൊള്ളുമെന്ന അവസ്ഥ. ഒരാഴ്ച കൊണ്ട് 10 മുതൽ 30 രൂപ വരെ വില വർധിച്ചതായി വ്യാപാരികൾ പറഞ്ഞു. പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. പച്ചമുളക് കിലോക്ക് 120 - 140 രൂപയാണ് വില. കഴിഞ്ഞയാഴ്ചത്തേക്കാൾ 50 രൂപയുടെ വർധന. ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 15 - 25 രൂപ കൂടി. കിലോക്ക് 48 മുതൽ 70 രൂപ വരെയാണ് വില. ബീൻസിന് കിലോക്ക് 180 രൂപയാണ് വില. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവക്ക് നേരിയ വില വർധനയുണ്ട്. അതേസമയം, മാസങ്ങൾ മുമ്പ് കിലോക്ക് 400 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിയുടെ വില 290 രൂപയിലേക്കു താഴ്ന്നു.
പച്ചക്കറി വില അടിക്കടി വർധിക്കുന്നത് കാരണം ചെറിയ വിലക്കുള്ള പച്ചക്കറി കിറ്റ് വിൽക്കുന്നത് മിക്കയിടങ്ങളിലും കച്ചവടക്കാർ നിർത്തി. ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ്. പച്ചക്കറി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. കടുത്ത വേനൽ കൃഷിനാശത്തിന് കാരണമായി. മഴ നേരത്തെ എത്തിയതും ഉൽപാദനത്തെ ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.