കത്തിക്കയറി പച്ചക്കറി വില
text_fieldsഅടിമാലി: ആഭ്യന്തര ഉൽപാദനവും തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ വിപണിയിൽ പച്ചക്കറി വില കത്തിക്കയറുന്നു. ഇതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. ഒരു കിലോ ബീൻസിന് 140 രൂപയാണ്. മുരിങ്ങ വില 125 ഉം പച്ചമാങ്ങ വില 100 രൂപയും വെളുത്തുള്ളിക്ക് 400 രൂപയും കടന്നു.
കാലവർഷം ശക്തി പ്രാപിച്ചതും വന്യമൃഗ ശല്യത്താൽ കൃഷി നശിച്ചതും ഇടുക്കിയിൽ പച്ചക്കറി ഇനങ്ങളുടെ കൃഷി നിലച്ചതുമാണ് വലിയ വില വർധനവിന് കാരണമായത്. ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതും ഇവക്കും വില കൂടുതലായതും തിരിച്ചടിയായി. പയർ 80, ക്യാരറ്റ് 70, വെണ്ട 80, തക്കാളി 60, ബീറ്റ്റൂട്ട് 40, കാബേജ് 40, ഉരുള കിഴങ്ങ് 50, പാവയ്ക്ക 60, ഉള്ളി 70, ചേന 80, ചേമ്പ് 100 എന്നിങ്ങനെ പോകുന്നു മറ്റ് ഉല്പന്നങ്ങളുടെ വില. മരച്ചീനിക്ക് 40 രൂപയും ഏത്തപ്പഴത്തിന് 40 രൂപയുമാണ് വില. നേരത്തെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാവൽ, പയർ, മരച്ചീനി, ഏത്തക്ക എന്നിവ ഉൽപാദിപ്പിച്ചിരുന്നത് ഇടുക്കിയിലാണ്. ഇക്കുറി ഉൽപാദനം തീരെ ഇല്ല. ഇതാണ് പെട്ടെന്ന് വില ഉയരാൻ കാരണം. പ്രതികൂല കാലാവസ്ഥയും കൃഷിക്ക് തിരിച്ചടിയായി. ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലും പച്ചക്കറി ഉൽപാദനം കുത്തനെ കുറഞ്ഞു.
ഏത്തപ്പഴവും മരച്ചീനിയുമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഇവ കയറ്റിയും അയച്ചിരുന്നു. ഇപ്പോൾ ജില്ലയിലെ ആവശ്യത്തിന് മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരികയാണ്.
പാവൽ, പയർ കൃഷിയും നിലച്ചു. പണ്ട് മാർക്കറ്റുകളെ സജീവമാക്കിയിരുന്നതും ഈ കൃഷികളായിരുന്നു. ചേമ്പ്, ചേന, കാച്ചിൽ എന്നിവയും ഹൈറേഞ്ചിൽ തീരെ ഇല്ലാതായി. അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, രാജാക്കാട്, രാജകുമാരി, സേനാപതി, വാത്തിക്കുടി, കൊന്നത്തടി, കഞ്ഞിക്കുഴി, ബൈസൺവാലി, വട്ടവട, മറയൂർ, കാന്തലൂർ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പച്ചക്കറി കൃഷി ഉണ്ടായിരുന്നത്. മറയൂർ, വട്ടവട, കാന്തലൂർ പഞ്ചായത്തുകളിൽ തോട്ടവിള പോലെ ഇപ്പോഴും പച്ചക്കറി കൃഷി ഉണ്ടെങ്കിലും മറ്റിടങ്ങളിൽ പേരിന് പോലും ഇല്ലാത്ത അവസ്ഥയാണ്. മുഖ്യ കാരണം വന്യമൃഗ ശല്യം തന്നെയാണ്. കുരങ്ങ്, ആന, പന്നി, കാട്ടുപോത്ത് എന്നിവയാണ് കൃഷിക്ക് പ്രധാന വെല്ലുവിളികൾ.
കൃഷി നിലക്കാൻ കാരണം പ്രോത്സാഹനം ഇല്ലാത്തത്
പച്ചക്കറി ഉൾപ്പെടെ കൃഷികൾ നിലക്കാൻ കാരണം പ്രോത്സാഹനം ഇല്ലാത്തതിനാൽ. ജലസേചന സൗകര്യമില്ലാത്തതും തൊഴിലാളികളുടെ കുറവും വന്യമൃഗ ശല്യവും തന്നെയാണ് മുഖ്യ പ്രശ്നം. ഇതിനെ മറികടക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് പദ്ധതികൾ ഒന്നുമില്ല. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചാൽ നഷ്ടപരിഹാരവുമില്ല. വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചാലും നഷ്ടപരിഹാരമില്ല. പിന്നെ എങ്ങനെ കൃഷി മുന്നോട്ട് കൊണ്ടു പോകുമെന്നാണ് കർഷകർ ചോദിക്കുന്നത്.
കാർഷിക വിപണന കേന്ദ്രങ്ങളും പൂട്ടി
പാവൽ, പയർ, ഏത്തവാഴ കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു ഹൈറേഞ്ച്. ഈ കാലയളവിൽ കർഷകർക്ക് ഉയർന്ന വില ലക്ഷ്യമാക്കി കർഷകരുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും സഹകരണ ചന്തകൾ തുടങ്ങിയിരുന്നു. വി.എസ്.പി.സി.കെയും ചന്തകൾ തുടങ്ങി.
കർഷകരുടെ എല്ലാ ഉൽപനങ്ങളും നേരിട്ട് വിൽപന നടത്തി ഉയർന്ന വില കർഷകരിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ മികച്ച പ്രവർത്തനം ഉണ്ടായെങ്കിലും പിന്നീട് എല്ലാ സ്ഥാപനങ്ങളും തകർച്ചയിലേക്ക് നീങ്ങി. ഇപ്പോൾ ഇവ എല്ലാം തന്നെ അടച്ച് പൂട്ടി. വനിത ശാക്തീകരണം ലക്ഷ്യമിട്ട് പഞ്ചായത്തുകളും ചന്തകൾ തുറന്നിരുന്നു. ഇവയൊന്നും ഇപ്പോഴില്ല. പലയിടത്തും ഇതിനായി തുറന്ന കെട്ടിടങ്ങൾ നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.