പച്ചക്കറി വിലവര്‍ധന; താളംതെറ്റി കുടുംബ ബജറ്റ്
text_fieldsഅടിമാലി: പെട്ടെന്നുണ്ടായ സവാള വിലക്കയറ്റത്തില്‍ കുടുംബബജറ്റ് താളം തെറ്റി. സാധാരണക്കാര്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സവാള വിലയോടൊപ്പം ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും പച്ചക്കറികളുടെയും വില ഉയരുകയാണ്. കിലോക്ക് 80 മുതല്‍ 90 രൂപ വരെയുള്ള നിരക്കിലാണ് ജില്ലയിലെ പച്ചക്കറിക്കടകളില്‍ സവാള വ്യാപാരം നടക്കുന്നത്.
മഹാരാഷ്ര്ടയില്നിന്നാണ് സവാള പ്രധാനമായും വരേണ്ടത്. ഒക്ടോബറിൽ അവിടെ പെയ്ത മഴയില്‍ വലിയ കൃഷിനാശമുണ്ടായതോടെ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലാണ് വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കൃഷിനാശത്തിനൊപ്പം ഉല്പാദനം ഗണ്യമായി കുറഞ്ഞതും ലഭ്യതയെ ബാധിച്ചു.
രാജസ്ഥാനിലെയും പുണെയിലെയും സ്ഥിതി വ്യത്യസ്തമല്ല. മൈസൂരുവില്‍നിന്നുള്ള സവാള വരവുകുറഞ്ഞതും തിരിച്ചടിയാണ്. നാസിക്കില്‍നിന്നും ബിജാപുരില്നിന്നുമാണ് ഇപ്പോള്‍ പ്രധാനമായും സവാള ഇറക്കുന്നത്. കിലോ 68 രൂപ നിരക്കില്‍ നല്‍കിയാണ് മൊത്തവ്യാപാരികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് സവാള വാങ്ങുന്നത്. പെട്ടെന്ന് കേടുവരുന്നതിനാല് മൊത്തവ്യാപാരികളും സവാള ധാരാളമായി സംഭരിക്കുന്നില്ല. കുറച്ചു ദിവസത്തേക്കുള്ള ലോഡ് മാത്രമാണ് എടുക്കുന്നത്. അതില്‍ തന്നെ കേടുവന്ന സവാള വില്പന യോഗ്യമല്ലാതായി നഷ്ടമാകുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇതെല്ലാം വിപണിയില്‍ ഉണ്ടാക്കുന്ന അനിശ്ചിതത്വമാണ് സവാള വിലയില്‍ പ്രതിഫലിക്കുന്നത്.
അടുത്ത ആഴ്ചകളില്‍ വീണ്ടും വിളവെടുപ്പ് തുടങ്ങും. അതുവരെ വില ഉയര്‍ന്ന് നില്‍ക്കാനുള്ള സാധ്യതയാണുള്ളത്. സവാളയോടൊപ്പം മറ്റു അവശ്യ പച്ചക്കറികള്‍ക്കും വില കൂടുന്നുണ്ട്. കാരറ്റ് കിലോക്ക് 65 മുതല്‍ 70 രൂപ നിരക്കിലാണ് കച്ചവടം നടക്കുന്നത്. വെളുത്തുള്ളി വില 400ൽ നിൽക്കുന്നു. മറ്റ് പച്ചക്കറികൾക്ക് ശരാശരി 60 രൂപക്ക് മുകളിലാണ് വില. മുരിങ്ങക്ക വില വലിയ ഇടിവുണ്ട്. 140ൽനിന്ന് 55 - 60 രൂപയിലേക്ക് താഴ്ന്നു. കോഴിയിറച്ചിക്കും വില താഴ്ന്ന് നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.