വെണ്ടര്‍ ലൈസന്‍സി ഉപേക്ഷിച്ചു; മുദ്രപത്രം കിട്ടാതെ ഉപഭോക്താക്കള്‍
text_fieldsഅടിമാലി: സാങ്കേതിക തകരാറും കമീഷന് കുറവും കാരണം അടിമാലിയില്‍ വെണ്ടര്‍ ലൈസന്‍സികൾ ഇല്ലാതായതോടെ മുദ്രപത്രങ്ങള്‍ ലഭിക്കാതെ ആവശ്യക്കാര്‍ വലയുന്നു.
മുദ്രപ്പത്രങ്ങള്‍ ഇ–സ്റ്റാമ്പിങ്ങിലേക്ക് മാറിയതാണ് പ്രശ്നമായത്. സാങ്കേതിക തകരാര്‍ മൂലം ദിവസവും 30 ല്‍ താഴെ മുദ്രപത്രങ്ങളാണ് നല്‍കിയിരുന്നത്. 100 രൂപക്ക് 4.5 രൂപയാണ് കമീഷന്. വെണ്ടര്‍ മുറിവാടകയും കമ്പ്യൂട്ടറും പ്രിന്ററും പേപ്പറും സ്വന്തം ചെലവില്‍ കണ്ടെത്തണം.
നെറ്റ് തകരാര്‍ മൂലം ആവശ്യക്കാര്‍ക്ക് മുദ്രപ്പത്രങ്ങള്‍ നല്കാന് പറ്റാത്ത ബുദ്ധിമുട്ടും ഉണ്ടായതോടെ അടിമാലിയിലെ ലൈസന്‍സി ഉപേക്ഷിക്കുകയായിരുന്നു. ആറു മാസത്തേക്ക് താൽക്കാലികമായി നല്കിയ ലൈസന്‍സിയാണ് ആദ്യം 15 ദിവസത്തേക്ക് അപേക്ഷ നല്കി സ്ഥാപനം അടച്ചശേഷം തുടര്‍ന്ന് ലൈസന്‍സി വേണ്ടെന്ന് വെച്ചത്.
മൂന്നാര്‍, ദേവികുളം, രാജകുമാരി, ഇടുക്കി എന്നിവിടങ്ങളിലാണ് അടിമാലിക്ക് സമീപം വെണ്ടര്‍ ലൈസന്‍സികള്‍ ഉളളത്. 30 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്ത് ചെന്ന് മുദ്രപ്പത്രങ്ങള്‍ വാങ്ങാമെന്ന് വെച്ചാലും സാങ്കേതിക തകരാര്‍ മൂലം ലഭിക്കുമെന്ന് ഉറപ്പില്ല. ഇവിടെ എത്തിയാലും മുദ്രപ്പത്രങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ അടിമാലിയില്‍ പുതിയ ലൈസന്‍സിയെ നിയമിക്കണമെന്ന ആവശ്യവും ശക്തമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.