വോൾേട്ടജില്ല; വൈദ്യുതി നിയന്ത്രണവും: മലയോരത്ത് പ്രതിസന്ധി രൂക്ഷം
text_fieldsഅടിമാലി: അടിക്കടിയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണം. ഇതിന് പുറമെ ഭൂരിപക്ഷം പ്രദേശങ്ങളിലുമുണ്ടാകുന്ന വോൾട്ടേജ് പ്രശ്നം. മാനം കറുത്താൽ വൈദ്യുതി മുടങ്ങുന്ന അവസ്ഥ. വൈദ്യുതി പ്രതിസന്ധിക്ക് ഇനിയെങ്കിലും പരിഹാരമാകുമോ എന്ന ആശങ്കയിലാണ് മലയോരം. അവികസിത മേഖലയിലൊക്കെ വൈദ്യുതി എത്തിയെങ്കിലും അടിക്കടി മുടങ്ങുകയാണ്.
ഇതിന് പരിഹാരം കാണുമെന്ന് വൈദ്യുതി ബോർഡ് പറയുന്നുണ്ടെങ്കിലും ഉണ്ടാകുന്നില്ല. ജില്ലയിൽ പത്തിലേറെ വൻകിട ജലസേചന പദ്ധതികളിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വെളിച്ചം നൽകുേമ്പാൾ ജില്ലയിൽ പദ്ധതികളുടെ അടുത്ത പ്രദേശങ്ങളിൽ പോലും വൈദ്യുതി കൃത്യമായി എത്തിക്കാൻ അധികൃതർക്കാകുന്നില്ല. വൈദ്യുതി നിലയങ്ങൾ കൂടുന്നതനുസരിച്ച് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നായിരുന്നു ഹൈറേഞ്ചുകാരുടെ വിശ്വാസം. എന്നാൽ, പ്രതിസന്ധി ദിനംപ്രതി വർധിച്ചുവരുകയാണ്.
ചെറിയ കാറ്റടിച്ചാൽ വൈദ്യുതി പോകും. വൈദ്യുതി വിതരണത്തിന് സ്ഥാപിച്ച ഉപകരണങ്ങൾ കാലപ്പഴക്കം ചെന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇത് മാറ്റിസ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനും കേടായ ഉപകരണങ്ങൾ നന്നാക്കുന്നതിനും മുറപോലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ, മാനം കറുത്താൽ വൈദ്യുതി മുടങ്ങുന്ന സ്ഥിതിക്ക് മാറ്റമില്ല. അല്ലെങ്കിൽ വോൾട്ടേജ് ഉണ്ടാകില്ല. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതാണ് വോൾട്ടേജ് കമ്മിക്ക് കാരണമെന്ന് അധികൃതർ പറയുന്നു. വട്ടവട, മാങ്കുളം, കാന്തല്ലൂർ പഞ്ചായത്തുകളാണ് രൂക്ഷത കൂടുതൽ അനുഭവിക്കുന്നത്.
അടിമാലി പഞ്ചായത്തിലെ പടിക്കപ്പ്, പഴമ്പിള്ളിച്ചാൽ, കുരങ്ങാട്ടി, പ്ലാക്കയം തുടങ്ങി അവികസിത പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. വെള്ളത്തൂവൽ പഞ്ചായത്തിലെ ശല്യാംപാറ, മാങ്കടവ്, ഓടയ്ക്കാസിറ്റി, മുതുവാൻകുടി, കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈൽ, കൊന്നത്തടി, കാക്കാസിറ്റി, പനംകുട്ടി തുടങ്ങിയയിടങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ഇത് വിദ്യാർഥികളുടെ പഠനത്തെയാണ് ഏറെ ബാധിക്കുന്നത്. വൈദ്യുതി ഉപകരണങ്ങളൊന്നും പ്രവർത്തിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.