വാർഡ് വിഭജനം: അതിർത്തികൾ മാറി; പരാതികൾ ഏറുന്നു
text_fieldsഅടിമാലി: വാർഡ് വിഭജന പേടിയിൽ രാഷ്ട്രീയ പാർട്ടികൾ. ജാതി, മത സമവാക്യങ്ങൾ ഭരണം നിശ്ചയിക്കുന്ന പഞ്ചായത്തുകളിൽ വാർഡുകളുടെ അതിർത്തികൾ മാറി മറിയുന്നു.
സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാൻ വർഷങ്ങളായി വാർഡുകളിൽ നിറഞ്ഞുനിന്നവർ ഇതോടെ വെട്ടിലായി. പുതിയ സാഹചര്യത്തിൽ ഏതുവാർഡ് അനുകൂലമാകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗവും. അടിമാലി, വെള്ളത്തൂവൽ, മൂന്നാർ, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി തുടങ്ങി ഭൂരിഭാഗം പഞ്ചായത്തുകളിലും വാർഡ് വിഭജനത്തിൽ അതൃപ്തി പടരുകയാണ്. മൂന്ന് വാർഡ് വർധിച്ച അടിമാലി പഞ്ചായത്തിലാണ് ആക്ഷേപം കൂടുതലും. ചില വാർഡുകൾ മൂന്നും നാലും കഷണങ്ങളായി മാറിയപ്പോൾ പഴയ വാർഡിന്റെ പേരുപോലും ഇല്ലാതായി.
നിലവിൽ 42000ത്തോളം ജനസംഖ്യയുള്ള അടിമാലി പഞ്ചായത്ത് വിഭജനം പതിറ്റാണ്ടുകളായി ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇക്കുറിയും വാർഡ് വർധനയിൽ മാത്രം ഒതുക്കി. വാളറ കേന്ദ്രമായി പഞ്ചായത്ത് വരുമെന്നായിരുന്നു പ്രതീക്ഷ. അതുപോലെ വെള്ളത്തൂവൽ, ബൈസൺവാലി, പള്ളിവാസൽ പഞ്ചായത്തുകൾ വിഭജിച്ച് കുഞ്ചിത്തണ്ണി പഞ്ചായത്തും കൊന്നത്തടി വിഭജിച്ച് പാറത്തോട് പഞ്ചായത്തും വരുമെന്ന പ്രതീക്ഷയും തകർന്നു. അടിമാലിയിൽ പഞ്ചായത്ത് വിഭജനവും നഗരസഭയിലേക്ക് ഉയർത്തലും ഇല്ലാതെ പോയതോടെ ജനസംഖ്യവർധനയും വിസ്തൃതിയും ഓഫിസ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വാർഡുകളുടെ അതിർത്തി മാറ്റിയത് പ്രമുഖ പാർട്ടികൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. വാർഡുകൾ വനിതയും ജനറലുമായി മാറുമ്പോൾ ബന്ധുക്കളെയും ഇഷ്ടക്കാരെയും രംഗത്ത് ഇറക്കുന്ന നേതാക്കളുടെ സ്ഥിരം പരിപാടിക്കും പുതിയ മാറ്റം പ്രതിസന്ധി സൃഷ്ടിക്കും. ഇതോടെ വാർഡ് വിഭജനത്തിൽ പരാതി കൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.