വേനൽ കടുക്കുന്നു; വെള്ളത്തിന് വലയും അഗ്നിരക്ഷാസേന
text_fieldsഅടിമാലി: നാട് കനത്ത ചൂടിലേക്ക് നീങ്ങുമ്പോൾ വെള്ളത്തിന്റെ കാര്യത്തിൽ ആശങ്കയോടെ അടിമാലിയിലെ അഗ്നിരക്ഷാസേന. തൊടുപുഴ സ്റ്റേഷൻ കഴിഞ്ഞാൽ വേനൽക്കാലത്ത് തീപിടിത്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഫോൺവിളികൾ എത്തുന്ന അഗ്നിരക്ഷാ നിലയമാണ് അടിമാലിയിലേത്. കഴിഞ്ഞദിവസം മൂന്നാറിൽ ഉണ്ടായ കാട്ടുതീ നേരിടുന്നതിനും അടിമാലി യൂനിറ്റിന് ഓടി എത്തേണ്ടതായി വന്നു. വേനൽ ഇനിയും ശക്തി പ്രാപിച്ചാൽ വെള്ളത്തിന്റെ ദൗർലഭ്യം സേനയുടെ പ്രവർത്തനങ്ങളെ ബാധിക്കും.
കരിങ്കുളത്തെ കുളത്തിലെ പഞ്ചായത്ത് വെള്ളം നിലവിൽ ലഭ്യമാണെങ്കിലും വേനൽക്കാലത്ത് ആവശ്യമായ വെള്ളം ഇല്ല. കഴിഞ്ഞവർഷം എട്ട് കിലോമീറ്റർ അകലെ കല്ലാർകുട്ടി ഡാമിൽനിന്ന് ഉൾപ്പെടെ പോയി വെള്ളം എടുക്കേണ്ടതായി വന്നു. ഇക്കുറി തീപിടിത്തവുമായി ബന്ധപ്പെട്ട് 10 ലേറെ കാളുകൾ എത്തി. കഴിഞ്ഞദിവസം രാത്രി കൊന്നത്തടി പഞ്ചായത്തിലും തീപിടിത്തം ഉണ്ടായി. ഇടക്കിടെ മോട്ടോർ പ്രശ്നങ്ങളും അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയാണ്. അടിയന്തര സാഹചര്യത്തിൽ ദ്രുതഗതിയിൽ പ്രശ്നം പരിഹരിക്കാൻ സ്റ്റേഷന് സമീപത്ത് മതിയായ വെള്ള സൗകര്യം ഒരുക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
അടിമാലി മിനി അഗ്നിരക്ഷാ യൂനിറ്റിന് കീഴിൽ 10 പഞ്ചായത്തുകൾ
അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, ബൈസൺവാലി തുടങ്ങി 10 പഞ്ചായത്തുകളും അടിമാലി മിനി അഗ്നിരക്ഷാ യൂനിറ്റിനു കീഴിൽ വരുന്നതാണ്. ഒരു വർഷത്തിൽ 200 ലധികം ഫോൺവിളികളാണ് ഇവിടെ എത്തുന്നത്. ഇതിൽ 100 ലധികം ഫോൺവിളികളും ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ്. അഗ്നിരക്ഷാസേന വെള്ളത്തിനായി മറ്റു മാർഗം തേടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി ജില്ലയുടെ മാങ്കുളം പോലുള്ള പ്രദേശങ്ങൾക്കും അടിമാലി നിന്നുള്ള യൂനിറ്റാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഒരു മൊബൈൽ ടാങ്കർ യൂനിറ്റും ഒരു മിനി മൊബൈൽ ടാങ്കർ യൂനിറ്റും ഒരു മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ അടക്കം അഞ്ച് വാഹനങ്ങളാണ് ഫയർ സ്റ്റേഷനിൽ ഉള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.