ജലനിധി വന്നു, വിഹിതവും വാങ്ങി; വെള്ളം മാത്രമില്ല
text_fieldsഅടിമാലി: ജലനിധി പദ്ധതി നടപ്പാക്കിയ ചില പഞ്ചായത്തുകളില്‍ കുടിവെള്ളമില്ലാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍. അടിമാലി, വെള്ളത്തൂവല്‍, കൊന്നത്തടി, മാങ്കുളം പഞ്ചായത്തുകളിലാണ് വേനല്‍ കനത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമടുന്നത്.
ജില്ലയില്‍ ആദ്യമായി ജലനിധി പദ്ധതി നടപ്പാക്കിയ വെള്ളത്തൂവല്‍ പഞ്ചായത്തിലെ കൂമ്പന്‍പാറ, മാങ്കടവ്, ഓടക്കാസിറ്റി, നായിക്കുന്ന്, വെള്ളത്തൂവല്‍, കത്തിപ്പാറ, അടിമാലി പഞ്ചായത്തിലെ ദേവിയാര്‍ കോളനി, പതിനാലാംമൈല്‍, കമ്പിലൈന്‍, വടക്കേച്ചാല്‍, കൈതച്ചാല്‍, ആദിവാസി സങ്കേതമായ ചിന്നപ്പാറ, തലമാലി, പടിക്കപ്പ്, ഒഴുവത്തടം, മച്ചിപ്ലാവ്, തലയൂരപ്പന്‍കുടി, മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത്, റേഷന്‍കടപ്പടി, മാങ്കുളം, താളുംകണ്ടം, വേലിയാംപാറ, മുനിപാറ, കൊന്നത്തടി പഞ്ചായത്തിലെ അഞ്ചാംമൈല്‍, കാക്കാസിറ്റി, വിമലസിറ്റി, പൊന്മുടി, പണിക്കന്‍കുടി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഇവിടങ്ങളിലെല്ലാം ജലനിധി പദ്ധതിയില്‍ കൂറ്റന്‍ പദ്ധതികള്‍ നടപ്പാക്കിയതാണ്. ഒരു കോടിയിലേറെ മുടക്കിയ ദേവിയാര്‍ കുടിവെള്ള പദ്ധതി, ആനവിരട്ടി കുടിവെള്ള പദ്ധതി, അഞ്ചാംമൈല്‍ പദ്ധതി, ചിന്നപ്പാറകുടി പദ്ധതി എന്നിവയൊക്കെ പാഴായി. അധികൃതരുടെ വാക്ക് വിശ്വസിച്ച് പദ്ധതി വിഹിതം നല്കിയവര് പണവും പോയി, വെള്ളവുമില്ല എന്ന അവസ്ഥയിലാണ്. വാളറ കോളനിപാലത്തിന് സമീപം കൂറ്റന്‍ കുളവും മുനിയറച്ചാല്‍ മലമുകളില്‍ വലിയ ടാങ്കുകളും നിര്‍മിക്കുകയും വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്ത വലിയ പദ്ധതിയാണ് ദേവിയാറിലേത്. ഒന്നരകോടിയോളം ചിലവ് വന്ന പദ്ധതിയില്‍ പദ്ധതി വിഹിതവും അധികമായി ഗുണഭോക്താക്കള്‍ പിരിച്ച് നല്കിയ ലക്ഷങ്ങളും പാഴായതല്ലാതെ ഇവിടെ ആര്‍ക്കും വെള്ളമെത്തിയിട്ടില്ല. 20 സെന്റ് കോളനി, ലക്ഷംവീട് കോളനി എന്നിവിടങ്ങളിലുള്ളവര്‍ കുടിവെള്ളം ചുമന്നാണ് ഇപ്പോള്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്.
ആദിവാസി കോളനികളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പണമടച്ചിട്ടും ആദിവാസികള്‍ കുടിവെള്ളത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളമായി. പല പദ്ധതികളും കമ്മീഷന് ചെയ്യും മുമ്പേ പഞ്ചായത്തിനെ ഏല്‍പ്പിച്ച് കരാറുകാരന് മുഴുവന്‍ തുകയും മാറിയെടുത്ത് ഇവിടം വിട്ടു. ഇനി കുടിവെള്ളം കിട്ടുമെന്ന ഒരു പ്രതീക്ഷയും ആദിവാസികള്‍ക്കില്ല. മൂന്ന് പഞ്ചായത്തുകളിലായി 37 കോടിയുടെ പദ്ധതിക്കാണ് ലോക ബാങ്ക് പണം അനുവദിച്ചത്. ചില പദ്ധതികള്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.