വൈദ്യുതി പോസ്റ്റ് വില്ലൻ, ഓട വളച്ച് നിർമാണം; വെള്ളക്കെട്ട് ഭീതി
text_fieldsഅടിമാലി: റോഡിന്റെ വശത്തെ ഓട വളച്ചു നിർമിക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നു. ഉടുമ്പൻചോല - രണ്ടാംമൈൽ റോഡിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്തെ കലുങ്കിലേക്കുള്ള ഓടയാണ് വളച്ചു നിർമിക്കുന്നത്. റോഡിന്റെ വശത്ത് മാറ്റാതെ നിൽക്കുന്ന വൈദ്യുതി പോസ്റ്റാണ് ഓട വളച്ച് നിർമിക്കാൻ കാരണമായി കരാറുകാർ പറയുന്നത്. എന്നാൽ, റോഡ് കരാറുകാരൻ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള അപേക്ഷ നൽകിയിട്ടില്ല എന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്.
റോഡ് നിർമാണ സമയത്ത് വൈദ്യുതി പോസ്റ്റ് നീക്കിയിട്ടതാണെന്നും കൂടുതൽ വശത്തേക്ക് മാറ്റി ഇടാൻ സ്ഥലമുടമ സമ്മതിക്കാത്തതിനാലാണ് റോഡിൽ തന്നെ സ്ഥാപിക്കേണ്ടി വന്നതെന്നുമാണ് കരാറുകാരൻ പറയുന്നത്. വൈദ്യുതി പോസ്റ്റ് പുരയിടത്തിന്റെ വശത്തിടാൻ സമ്മതിക്കാത്ത സ്ഥലം ഉടമ വൈദ്യുതി ബോർഡിലെ അസിസ്റ്റൻറ് എൻജിനീയർ ആണെന്നതാണ് ശ്രദ്ധേയം. ദേശീയപാതക്ക് സമീപമുള്ള ഈ കലുങ്കിലേക്കുള്ള ഓട വളച്ചു നിർമിച്ചാൽ മഴക്കാലത്ത് ഇത് വെള്ളക്കെട്ടിന് ഇടയാകും. 2018ലെ പ്രളയകാലത്ത് മുതിരപ്പുഴയാറിലെ വെള്ളം ആദ്യം കരയിലേക്ക് പൊങ്ങിയത് ഈ കലുങ്കിലൂടെയായിരുന്നു.
കലുങ്കിൽ എത്തുന്ന വെള്ളം ഈ ഓടയിലൂടെ പോവുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓട വളച്ചു നിർമിക്കുന്നത് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിലെ വെള്ളക്കെട്ടിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓടക്ക് തടസ്സമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് വശത്തേക്ക് മാറ്റിയിട്ട് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടികൾ റോഡ് കരാറുകാരൻ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.