വിളക്ക് തെളിഞ്ഞില്ലെങ്കിലെന്താ, ചെലവിന് കുറവൊന്നുമില്ല
text_fieldsഅടിമാലി: പാതകളില്‍ വെളിച്ചമേകാന്‍ സ്ഥാപിച്ച വിളക്കുകളെല്ലാം കണ്ണടച്ചതോടെ നാട് പൂര്‍ണമായും ഇരുട്ടിലായി. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ്, ലോ മാസ്റ്റ് വിളക്കുകളും സോളാര്‍ വിളക്കുകളുമാണ് പ്രവര്‍ത്തനം നിലച്ച് കിടക്കുന്നത്. അടുത്തിടെ സ്ഥാപിച്ച തെരുവുവിളക്കുകളും ഇതില്‍പെടും. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴില്‍ എല്ലാ പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. തെരുവ് വിളക്കുകള്‍ കത്തുന്നില്ലെങ്കിലും വൈദ്യുതി ഇനത്തില്‍ ഭീമമായ തുകയാണ് മാസംതോറും അടയ്ക്കുന്നത്.
ജനത്തിരക്കേറിയ ടൗണുകളും വന്യമൃഗ ശല്യമുള്ള ഗ്രാമീണ പാതകളും സന്ധ്യയോടെ ഇരുട്ടിലാകുന്നു. വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പട്ടണങ്ങളിലെ വഴികളിൽ തെളിയുന്നത്.
ത്രിതല പഞ്ചായത്തുകൾ വഴിവിളക്കിനായി വര്‍ഷാവര്‍ഷം വൻ തുക ചെലവഴിക്കുന്നുമുണ്ട്. എം.പി, എം.എല്‍.എ ഫണ്ടുപയോഗിച്ച് ഒട്ടേറെ ഹൈമാസ്റ്റ്, ലോ മാസ്റ്റ് വിളക്കുകൾ ജില്ലയിലെല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. ചിലേടത്ത് വിളക്ക് ഭാഗികമായി കത്തുമ്പോള്‍ മറ്റിടങ്ങളില്‍ പൂര്‍ണമായി കണ്ണടച്ചു.
വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ പ്രത്യേക പദ്ധതിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരുന്നു. അതെല്ലാം തകരാറിലാണ്. മഴവെള്ളമിറങ്ങി ബള്‍ബിലും ഫിലമെന്റിലും ക്ലാവ് പിടിക്കുന്നതും മിന്നലേറ്റതുമെല്ലാമാണ് കാരണമായി പറയുന്നത്. മാസങ്ങളോളം നീണ്ട മഴയില്‍ വഴിവിളക്കുകളില്‍ നല്ലൊരു ഭാഗവും നശിച്ചുവെന്നു ബന്ധപ്പെട്ടവര്‍ പറയുന്നു.
എന്നാല്‍ ഗുണനിലവാരമില്ലാത്തതാണ് കേടാവാൻ കാരണമെന്നും പരാതിയുണ്ട്. തുറസ്സായ സ്ഥലത്ത് സ്ഥാപിക്കുന്ന വിളക്കുകളില്‍ വെള്ളമിറങ്ങില്ലെന്ന ഗാരന്റി ഉറപ്പുവരുത്തുന്നതിനും തകരാറുകള്‍ കൃത്യമായി പരിഹരിക്കുന്നതിനും കരാറുകാര്‍ക്കും കെ.എസ്.ഇബിക്കുമാണ് ചുമതല. എന്നാല്‍, വിളക്കുകള്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ കരാറുകാരോ ജീവനക്കാരോ തിരിഞ്ഞ് നോക്കാറുമില്ല.
ഇരുട്ടു വീണാലുടന്‍ ആനയും കടുവയും നാട്ടിലിറങ്ങുന്ന പ്രദേശങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ ജനം ഭയന്നു കഴിയുന്നു. വഴിയാത്രക്കാരും കൂരിരുട്ടില്‍ തപ്പിതടയുന്നു. ഉത്തരവാദപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം പല മേഖലയില്നിന്നുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.